കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഈ ഈ മാസം അവസാനത്തോടെ ആദ്യ ഡോസ് നൂറ് ശതമാനത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം.ചിറക്കരയില്‍ ഉളിയനാട് സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഇന്ന് (സെപ്റ്റംബര്‍ 16) രാവിലെ 9 മണി മുതല്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടക്കും. വരുംദിവസങ്ങളില്‍ ആദ്യ ഡോസ് വാക്‌സിന്‍ 100 ശതമാനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

10626 പേര്‍ക്ക് ഇതുവരെ ആദ്യ ഡോസ് നല്‍കി. 1377 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി. ഒമ്പത് വാര്‍ഡുകളില്‍ ഡബ്ലിയു.ഐ.പി.ആര്‍. പ്രകാരം പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.38 പേര്‍ ഡി.സി.സി കളില്‍ ചികിത്സയിലുണ്ട്. 12465 പേരില്‍ ഇതുവരെ കോവിഡ് പരിശോധന നടത്തി. നിയന്ത്രണ മേഖലകളില്‍ കൂടുതല്‍ പരിശോധന നടത്തി വരുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുശീലാ ദേവി അറിയിച്ചു.

കുലശേഖരപുരത്ത് നടന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പില്‍ 1100 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയ പറഞ്ഞു. 4 മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളാണ് ഇതുവരെ സംഘടിപ്പിച്ചത്. 60 വയസ്സിന് മുകളിലുള്ള 90 ശതമാനത്തോളം പേരും വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. കിടപ്പുരോഗികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളില്‍ നേരിട്ടെത്തി വാക്‌സിന്‍ നല്‍കി.

കുളത്തൂപ്പുഴയില്‍ 1200 പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ യു. പി. എസില്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പ് നടത്തി . കോവിഷീല്‍ഡ് ആണ് നല്‍കിയത്. കോവിഡ് രോഗം ബാധിച്ച് 90 ദിവസം പൂര്‍ത്തിയാത്തവര്‍ക്ക് ഉള്‍പ്പെടെ വാക്സിന്‍ നല്‍കും. 18 വയസിന് മുകളില്‍ പ്രായമുള്ള 95 ശതമാനം ആളുകള്‍ക്കും വാക്സിന്‍ നല്‍കിയതായി പ്രസിഡന്റ് പി. അനില്‍ കുമാര്‍ പറഞ്ഞു.

മണ്‍ട്രോത്തുരുത്തിലും മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തി. 60 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ 95 ശതമാനം പൂര്‍ത്തിയായി. 60 വയസ്സില്‍ താഴെയുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 95 ശതമാനം പൂര്‍ത്തീകരിച്ചു. പ്രസിഡന്റ് മിനി സൂര്യ പറഞ്ഞു.