കൊല്ലം: പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെയും ഫ്‌ലാറ്റുകളുടെയും താക്കോല്‍ദാനവും ഗൃഹപ്രവേശവും ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി നടക്കും. ജില്ലാതല പരിപാടികളുടെ ഉദ്ഘാടനവും താക്കോല്‍ ദാനവും ചവറ പരിമണം ശ്രീശക്തി നായര്‍ കരയോഗം ഓഡിറ്റോറിയത്തില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കും. ഡോ. സുജിത് വിജയന്‍പിള്ള എം.എല്‍.എ അധ്യക്ഷനാകും. എന്‍.കെ. പ്രേമചന്ദ്രന്‍ എം. പി. മുഖ്യാതിഥിയാവും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയല്‍, മത്സ്യഫെഡ് ചെയര്‍മാന്‍ റ്റി.മനോഹരന്‍ നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍. രജിത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. തീരപ്രദേശത്ത് വേലിയേറ്റ മേഖലയില്‍ നിന്നും 50 മീറ്റര്‍ പരിധികളില്‍ അധിവസിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും സുരക്ഷിത മേഖലയില്‍ ഭവനം ഒരുക്കുന്ന ഫിഷറീസ് വകുപ്പിന്റെ പദ്ധതിയാണ് പുനര്‍ഗേഹം. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച കെട്ടിട സമുച്ചയങ്ങളിലെ 303 ഭവനങ്ങളുടെ താക്കോല്‍ നല്‍കലും വ്യക്തിഗത ഗുണഭോക്താക്കള്‍ സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തി സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ച 308 ഭവനങ്ങളുടെ ഗൃഹപ്രവേശവും ആണ് സംസ്ഥാനത്തൊട്ടാകെ നടക്കുന്നത്.

സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് നാലുമണിക്ക് നിര്‍വഹിക്കുന്നതിനോടൊപ്പം ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ പരിപാടികള്‍ നടക്കും. യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാവും.
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സി. ആര്‍. മഹേഷ് എം.എല്‍.എ താക്കോല്‍ദാനം നിര്‍വഹിക്കും. ചാത്തന്നൂരില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജി. എസ്. ജയലാല്‍ എം.എല്‍.എ പരിപാടിക്ക് നേതൃത്വം നല്‍കും. ഇരവിപുരത്ത് പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനം എം. നൗഷാദ് എം.എല്‍.എ മയ്യനാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കും.കൊല്ലം പ്രാക്കുളം ശ്രീ ഗോസ്ത്തലക്കാവ് ദേവീക്ഷേത്രം ഹാളില്‍ എം.മുകേഷ് എം. എല്‍.എ വീടുകളുടെ താക്കോല്‍ ദാനം നടത്തും.