– ലൈഫ് മിഷൻ ഭവന പൂർത്തീകരണ പ്രഖ്യാപനം 18ന്
– ലൈഫിലൂടെ ജില്ലയിൽ പൂർത്തിയായത് മൊത്തം 9678 വീടുകൾ
– ഏറ്റവുമധികം വീടുകൾ ഉദയനാപുരം പഞ്ചായത്തിൽ, 247 എണ്ണം

കോട്ടയം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷൻ പദ്ധതിയിലൂടെ കോട്ടയം ജില്ലയിൽ പൂർത്തീകരിച്ചത് 752 വീടുകൾ.
സംസ്ഥാനത്ത് നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി 10,000 വീടുകളുടെ നിർമാണം പൂർത്തീകരിച്ചതിന്റെ സംസ്ഥാന തലപ്രഖ്യാപനം സെപ്റ്റംബർ 18 ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തുടർന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പൂർത്തീകരിച്ച വീടുകളുടെ പ്രഖ്യാപനം നടക്കും.

പൂർത്തീകരിച്ച വീടുകളിൽ ജനപ്രതിനിധികളും ഗുണഭോക്താവിന്റെ കുടുംബാംഗങ്ങളും ചേർന്നാണ് പൂർത്തീകരണ പ്രഖ്യാപനം നടത്തുക. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 9678 വീടുകൾ പൂർത്തിയായി. ഒന്നാം ഘട്ടത്തിൽ 1102 വീടുകളും രണ്ടാംഘട്ടത്തിൽ 4222 വീടുകളും മൂന്നാംഘട്ടത്തിൽ 775 വീടുകളും പൂർത്തീകരിച്ചു. പട്ടികജാതി-വർഗ-ഫിഷറീസ് വിഭാഗക്കാരുടെ അഡീഷണൽ ലിസ്റ്റിലെ 148 വീടുകളും പി.എം.എ. വൈ. നഗരവിഭാഗത്തിലെ 1768 വീടുകളും പി.എം.എ.വൈ.

ഗ്രാമീണവിഭാഗത്തിലെ 616 വീടുകളും പട്ടികജാതി വകുപ്പ് നിർമിച്ച 954 വീടുകളും പട്ടികവർഗ വകുപ്പ് നിർമിച്ച 14 വീടുകളും ഫിഷറീസ് വകുപ്പ് നിർമിച്ച 79 വീടുകളും ഇതിൽ ഉൾപ്പെടുന്നു. ഉദയനാപുരം ഗ്രാമപഞ്ചായത്തിലാണ് ഏറ്റവുമധികം വീടുകൾ ലൈഫ് മിഷനിലൂടെ പൂർത്തീകരിച്ചത് -247 എണ്ണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന ഭവന പൂർത്തീകരണ പ്രഖ്യാപനം വിജയകരമാക്കുന്നതിനു വേണ്ടി യുള്ള പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷനായും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ കൺവീനറായും ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ. പ്രവീൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് ദിവാകർ എന്നിവർ അംഗങ്ങളായുമുള്ള ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു. പരിപാടി ഓൺലൈനായി വീക്ഷിക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്.