– പ്ലാസ്റ്റിക്കിനു പുറമേ ഇ-മാലിന്യമടക്കം ശേഖരിക്കുന്നു
– ഈമാസം പഴയ ചെരുപ്പും ബാഗും ശേഖരിക്കും

കോട്ടയം: ജില്ലയിലെ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് കലണ്ടർ തയാറായി. കലണ്ടർ പ്രകാരം നിലവിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമേ ഇ-മാലിന്യം, മരുന്ന് സ്ട്രിപ്പുകൾ, കണ്ണാടി, കുപ്പി, ചില്ല്, പഴയ ചെരുപ്പ്, ബാഗ് തുടങ്ങിയവയും ഹരിത കർമ്മ സേന ശേഖരിക്കും. ഇവ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങളിലെത്തിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും.

സെപ്റ്റംബറിലും ഡിസംബറിലും പഴയ ചെരുപ്പ്, ബാഗ്, ജനുവരി, ഏപ്രിൽ, ജൂലൈ- ട്യൂബ് ലൈറ്റ് ഉൾപ്പെടെയുള്ള ഇ-മാലിന്യങ്ങളും മരുന്നു സ്ട്രിപ്പുകളും ഫെബ്രുവരി, മെയ്, ഓഗസ്റ്റ്, നവംബർ – കണ്ണാടിയും കുപ്പിയും ചില്ലുകളും മാർച്ച്, ജൂൺ- പഴയ ബാഗ്, ചെരുപ്പ് എന്നിവയോടൊപ്പം തുണി മാലിന്യങ്ങളും മരുന്ന് സ്ട്രിപ്പുകളും ഒക്ടോബർ – മരുന്ന് സ്ട്രിപ്പുകൾ എന്നിങ്ങനെയാണ് ശേഖരിക്കുക. സെറാമിക് മാലിന്യങ്ങൾ നിലവിൽ ശേഖരിക്കുന്നില്ല.

ഓഗസ്റ്റിൽ ശേഖരിച്ച കുപ്പി,ചില്ല് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ആദ്യഘട്ടത്തിൽ പുതുപ്പള്ളി, ഭരണങ്ങാനം പഞ്ചായത്തുകളിലെ മാലിന്യം ക്ലീൻ കേരളയ്ക്ക് കൈമാറി. പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽ നിന്ന് 5030 കിലോയും ഭരണങ്ങാനം പഞ്ചായത്തിൽ നിന്ന് 5620 കിലോയും ചില്ല്, കുപ്പി മാലിന്യങ്ങളാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്.

വാകത്താനം, പായിപ്പാട്, വാഴപ്പള്ളി, മാടപ്പള്ളി, മേലുകാവ്, വാഴൂർ, നെടുംകുന്നം തുടങ്ങിയ പഞ്ചായത്തുകളിൽ ശേഖരിച്ച മാലിന്യങ്ങൾ ഉടൻ കൈമാറും. പദ്ധതിയിലൂടെ ഹരിതകർമ്മസേനയ്ക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാനും അജൈവ മാലിന്യങ്ങൾ പൂർണമായും നീക്കംചെയ്യാനും സാധിക്കുമെന്ന് ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. രമേശ് പറഞ്ഞു.

ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, ക്ലീൻ കേരള കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്.