ജില്ലയില് തൊഴില്, ഗാര്ഹിക, സാമ്പത്തിക മേഖലകളില് കോവിഡ് 19 സൃഷ്ടിച്ചിട്ടുള്ള ആഘാതം സര്ക്കാര് തലത്തില് പഠിക്കുന്നതിനായി സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തില് ആരംഭിച്ച കോവിഡ് ഇംപാക്ട് സര്വ്വെ ഓണ് ഹൗസ് ഹോള്ഡ് സെക്ടറിന്റെ മൂന്നാംഘട്ടം തുടങ്ങിയതായി സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര് അറിയിച്ചു. മൂന്നാംഘട്ടത്തില് ഗാര്ഹിക മേഖലയിലെ പ്രതിസന്ധിയാണ് കണ്ടെത്തുന്നത്. ജില്ലയിലെ ഗ്രാമീണ, നഗര മേഖലകളില് നിന്നായി 32 സാമ്പിളുകള് ( ഗ്രാമീണ മേഖലയില് പഞ്ചായത്ത് വാര്ഡുകള്, നഗര മേഖലയില് അര്ബന് ഫ്രെയിം സര്വ്വെ ബ്ലോക്കുകള്) തെരഞ്ഞെടുത്തിട്ടുണ്ട്.
ഈ സാമ്പിളുകളിലെ തെരഞ്ഞെടുത്ത കുടുംബങ്ങളിലെ സാമ്പത്തിക അവസ്ഥ, തൊഴില് ലഭ്യത, ഓണ്ലൈന് വിദ്യാഭ്യാസം, ഓണ്ലൈന് ഷോപ്പിംഗ്, ഭക്ഷണത്തിന്റെ സ്രോതസ്, വായ്പ എന്നിവ പഠനവിധേയമാക്കും. വിവര ശേഖരണത്തിനായി എത്തുന്ന സ്റ്റാറ്റിസ്റ്റിക്കല് ഇന്സ്‌പെക്ടര്, ഇന്വെസ്റ്റിഗേറ്റര്മാര് എന്നിവര്ക്ക് കൃത്യമായ വിവരങ്ങള് നല്കണമെന്നും ജില്ലാ ഡെപ്യൂട്ടി ഡയറക്ടര് പറഞ്ഞു. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന സര്വ്വെയിലെ ആദ്യ രണ്ടു ഘട്ടങ്ങളില് അസംഘടിത മേഖലയിലെ വ്യവസായ യൂണിറ്റ്, സംഘടിത മേഖലയിലെ വ്യവസായ യൂണിറ്റ് എന്നിവയുടെ സര്വ്വെ പൂര്ത്തീകരിച്ചിരുന്നു.