സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഇതുവരേയും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിക്കാത്ത 18 വയസ്സ് പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ എത്രയും പെട്ടെന്ന് വാക്സിന്‍ സ്വീകരിക്കുന്നതിനായി തൊട്ടടുത്ത ആശാ വര്‍ക്കറെയോ, ആരോഗ്യ പ്രവര്‍ത്തകരെയോ ബന്ധപ്പെടണമെന്ന്് ഡി.എം.ഒ (ആരോഗ്യം) ഡോ.കെ പി റീത്ത അറിയിച്ചു. ഡിഗ്രി  മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക്  കലാലയങ്ങളില്‍ നേരിട്ട് ചെന്ന് പഴയപോലെ വിദ്യാഭ്യാസം നടത്താന്‍ ഇതിലൂടെ സാധിക്കും. കോവിഡ്  വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് വാക്സിന്‍ സ്വീകരിക്കാത്തവരേക്കാള്‍  പ്രതിരോധശക്തി കൂടുതലും, രോഗം മൂര്‍ച്ഛിക്കുന്നതിനും  മരണത്തില്‍ നിന്നും സംരക്ഷണം കൂടുതലായി ലഭിക്കുന്നതായും പഠനങ്ങള്‍ തെളിയിക്കുന്നു.  കോവിഡ്-19 ല്‍ നിന്നും സംരക്ഷണം ലഭിക്കുന്നതിന് കോവിഷീല്‍ഡും, കോവാക്സിനും ഒരു പോലെ ഫലപ്രദവും സുരക്ഷിതവുമാണ്.  വാക്സിന്‍ സ്വീകരിച്ചതിനു ശേഷവും ഇരട്ട മാസ്‌ക് ധരിക്കുകയും, സോപ്പോ സാനിറ്റൈസറോ ഉപയോഗിക്കുകയും, സാമൂഹ്യ അകലം പാലിക്കുകയും വേണമെന്നും ഡി എം ഒ അറിയിച്ചു.