വൈദ്യുതി തടസ്സത്തിന് പരിഹാരമായി മറയൂരില്‍ 33 കെവി സബ്സ്റ്റേഷന്‍ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ഗുണമേന്‍മയുള്ള വൈദ്യുതി കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുകയാണ് വൈദ്യുതി ബോര്‍ഡിന്റെ ലക്ഷ്യമെന്ന് സബ്സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി എംഎല്‍എ പ്രാദേശിക ഉദ്ഘാടനം നിര്‍വഹിച്ചു. വൈദ്യുതി ക്ഷാമത്തെ തുടര്‍ന്ന് പൊതുജനങ്ങളുടെ ആവശ്യപ്രകാരമാണ് മറയൂരില്‍ സബ്സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്ന് എംഎം മണി പറഞ്ഞു. ഇടമലക്കുടിയിലടക്കം വൈദ്യുതി എത്തിക്കാന്‍ സാധിച്ചു. ലാഭത്തിന് അപ്പുറം നാടിന്റെ വികസനത്തിന് പ്രാധാന്യം നല്‍കി എല്ലായിടത്തും ഗുണമേന്‍മയുള്ള വൈദ്യുതിയെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

തേയിലത്തോട്ടത്തിലൂടയും വനമേഖലകളിലൂടെയുമുള്ള വൈദ്യുതി വിതരണം മറയൂര്‍, കാന്തല്ലൂര്‍,വട്ടവട മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമവും വൈദ്യുത തടസ്സവും സൃഷ്ടിച്ചിരുന്നു. വ്യവസായിക അടിസ്ഥാനത്തിലുള്ള സംരംഭങ്ങള്‍ക്ക് വൈദ്യുതി തടസ്സം പ്രതിസന്ധിയായിരുന്നു. ഇതിന് പരിഹാരമായാണ് മറയൂരില്‍19.25 കോടി രൂപ ചിലവിട്ട് വൈദ്യുതി സബ്സ്റ്റേഷന്‍ നിര്‍മ്മിച്ചത്.
എ.രാജ എം എല്‍ എ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഹെന്‍ട്രി ജോസഫ്, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് അംഗം സി.രാജേന്ദ്രന്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയ് കാളിദാസ്, ഓണ്‍ലൈനില്‍ കെഎസ്ഇബി ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബി അശോക്, ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ രാജന്‍ ജോസഫ്, വി. മുരുകദാസ്, സൗത്ത് ട്രാന്‍സ്മിഷന്‍ ചീഫ് എന്‍ജിനീയര്‍ ശശാങ്കന്‍ നായര്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടുങ്ങിയവര്‍ പങ്കെടുത്തു.