ചിറയിൻകീഴ് മണ്ഡലത്തിൽ മത്സ്യത്തൊഴിലാളികൾക്കായി ‘പുനർഗേഹം’പദ്ധതിയിൽപ്പെടുത്തി നിർമിച്ചവീടുകളുടെ താക്കോൽദാനം ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു.65 കുടുംബങ്ങൾക്കാണു മണ്ഡലത്തിൽ പദ്ധതിപ്രകാരം വീടുകൾ നിർമിച്ചത്.

അടുത്ത ഘട്ടത്തിൽ കൂടുതൽ വീടുകൾ നിർമിക്കുമെന്നു താക്കോൽദാനം നിർവഹിച്ചു മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വീട് ഇല്ലാതെ ഒരാൾ പോലും ഉണ്ടാകരുതെന്ന സർക്കാർ നയം നിറവേറുകയാണ്. മത്സ്യത്തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ മുൻനിരയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കായിക്കര ആശാൻ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി. ശശി എം.എൽ.എ. അധ്യക്ഷത വഹിച്ചു. അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.