എറണാകുളം : സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ മിശ്രഭോജനം നടന്ന ചെറായി തുണ്ടിപ്പറമ്പിലെ ചരിത്രഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന്റെ ഔപചാരിക പ്രഖ്യാപനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.

അടിച്ചമർത്തലുകളെപ്പറ്റി ഇന്നും തുറന്ന് പറയാൻ നാം മടിക്കുകയാണെന്നും എന്നാൽ കെട്ട കാലത്ത് ധൈര്യ പൂർവ്വം കീഴാള ശബ്ദമായി മാറാൻ സഹോദരൻ അയ്യപ്പന് സാധിച്ചെന്നും മന്ത്രി പറഞ്ഞു. പന്തി ഭോജനം നടത്തിയ 3 സെന്റ് സ്ഥലത്ത് മികച്ച പദ്ധതി തയാറാക്കും. അതിന് ആവശ്യമായ പണം സാംസ്ക്കാരിക വകുപ്പ് അനുവദിക്കും. കൂടാതെ പണ്ഡിന്റ് കറുപ്പന്റെ സ്മാരകം നിർമ്മിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായും മന്ത്രി പറഞ്ഞു.

ഇടവപ്പാതിയിലെ ഇടിമുഴക്കം എന്ന് വിശേഷിക്കപ്പെട്ട പന്തിഭോജനം നടന്ന തുണ്ടിപ്പറമ്പിലെ 3 സെന്റ് സ്ഥലം 16 ലക്ഷം രൂപക്കാണ് മുസിരീസ് പൈതൃക പദ്ധതി വഴി വാങ്ങിയത്.

സഹോദരൻ അയ്യപ്പൻ സ്മാരക ഹാളിൽ നടന്ന പ്രഖ്യാപന സമ്മേളനത്തിൽ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ എസ് ശർമ, മുസ്‌രിസ് പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം നൗഷാദ് , വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. എം ബി ഷൈനി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ , മെമ്പർ ഷീല ഗോപി, സ്മാരക കമ്മറ്റി വൈസ് പ്രസിഡന്റ് സിപ്പി പള്ളിപ്പുറം, സെക്രട്ടറി ഒ.കെ കൃഷ്ണകുമാർ , കമ്മറ്റി അംഗമായ ഡോ. കെ.കെ ജോഷി, രാഷ്ട്രീയ – സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.