എറണാകുളം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്കും സംസ്ഥാന സഹകരണ വകുപ്പും മത്സ്യഫെഡുമായി സഹകരിച്ച് സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മത്സ്യഫെഡ് ഫിഷ്മാർട്ടിന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.

വിഷ രഹിത മത്സ്യം പൊതുജനങ്ങൾക്ക് നൽകുന്നതിന്റെ ആദ്യ ഘട്ടമായാണ് എല്ലാ നിയോജക മണ്ഡലങ്ങളിലും ഓരോ ഫിഷ് മാർട്ടുകൾ വീതം ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉൾനാടൻ മത്സ്യങ്ങൾ ഉൾപ്പെടെ ഫിഷ് മാർട്ട് വഴി ലഭ്യമാക്കുന്നതോടൊപ്പം മത്സ്യ സംഭരണ കേന്ദ്രങ്ങൾ വിപുലപ്പെടുത്താനും നടപടി സ്വീകരിക്കും

വിഷരഹിത മത്സ്യം ജനങ്ങൾക്ക് എത്തിക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായി പരിശോധനകളും കൺട്രോൾറൂമും ആരംഭിച്ചിരുന്നു. ഫുഡ് സേഫ്റ്റി , പോലീസ്, ഫിഷറീസ് എന്നീ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തുന്നത് .
ഇതുവഴി വിഷം കലർന്ന മത്സ്യവിൽപന കുറയ്ക്കാൻ സാധിച്ചിട്ടുണ്ട് . തീരസംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ചെല്ലാനം ഗ്രാമപഞ്ചായത്ത് സർക്കാർ ഏറ്റെടുത്തത്. തീരത്തിന്റെ കണ്ണീരൊപ്പുന്നതിനൊപ്പം കടലിനെ സംരക്ഷിക്കാനും സർക്കാർ നടപടി സ്വീകരിക്കും. ഹാർബറുകളിൽ ഇടനിലക്കാരെ ഒഴിവാക്കി ചൂഷണം അവസാനിപ്പിക്കുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്യും. അനധികൃത ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ട 4 വിദ്യാർത്ഥികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികളായ രഘുവിനെയും രതീഷിനെയും മന്ത്രി ആദരിച്ചു.

ബാങ്ക് പാർക്കിംഗ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, വൈസ് പ്രസിഡന്റ് സിനോജ് കുമാർ , മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, മാനേജിങ് ഡയറക്ടർ ദിനേശൻ ചെറുവത്ത്, ജെ. ആർ. സജീവ് കർത്ത , അസിസ്റ്റന്റ് രജിസ്ട്രാർ സിദ്ധി ഫ്രാൻസിസ് ,
ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ , വൈസ് പ്രസിഡന്റ് ലോഗസ് ലോറൻസ് തുടങ്ങിയവർ പങ്കെടുത്തു .