ആലുവ: നഗരസഭയിലെ 18 വയസ്സിനു മുകളിലുള്ള മുഴുവൻ ആളുകൾക്കും കോവിഡ് വാക്സിനേഷൻ്റെ ആദ്യ ഡോസ് പൂർത്തിയാകുമ്പോൾ ജില്ലാ ആശുപത്രിയുടെ പ്രവർത്തനവും മാതൃകയാകുന്നു. ആലുവ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിലാണ് ആലുവ നഗരസഭയിലെ 18 വയസ്സിന് മുകളിൽ പ്രായം ഉള്ളവർക്ക് വാക്സിനേഷൻ പൂർത്തീകരിച്ചത്.
2021 ജനുവരി മുതലാണ് ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഹാളിൽ ആദ്യം കോവിഷീൽഡ് വാക്സിനും
തുടർന്ന് കോവാക്സിനും വിതരണം ആരംഭിച്ചത്. പിന്നീട് തോട്ടക്കാട്ടുകര പ്രിയദർശിനി ടൗൺ ഹാളിൽ കോവിഷീൽഡ് വാക്സിനേഷന് വേണ്ടി നഗരസഭ സൗകര്യങ്ങൾ ഏർപ്പെടുത്തി. ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ നഗരത്തിൽ വാക്സിനേഷൻ സർവ്വേ നടത്തി ഒന്നാം ഡോസ് വാക്സിൻ എടുക്കാത്തവരുടെ വിവരങ്ങൾ ശേഖരിച്ചു. ഓരോ വാർഡുകൾക്കും പ്രത്യേകം സമയം നിശ്ചയിച്ച് വാർഡ് കൗൺസിലർമാർ മുഖേന ടോക്കൺ നൽകി വാക്സിൻ വിതരണം സുഗമമാക്കി. കോവിഡ് ബാധിതരായി നെഗറ്റീവ് ആയ ശേഷം 90 ദിവസം പൂർത്തിയാക്കാത്തവരും
വിവിധ കാരണങ്ങളാൽ വാക്സിനേഷനോട് വിമുഖത കാട്ടിയവരും ഒഴികെ 18 വയസ്സിന് മുകളിലുള്ളവർക്കെല്ലാം ഒന്നാം ഡോസ് വാക്സിൻ നൽകി.
പാലിയേറ്റീവ് രോഗികൾ,
കിടപ്പ് രോഗികൾ,
ഭിന്നശേഷിക്കാർ എന്നിവരിൽ ക്യാമ്പുകളിൽ എത്തുവാൻ കഴിയാത്തവർക്ക് വീടുകളിൽ എത്തി വാക്സിൻ നൽകി.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, പാലിയേറ്റീവ് രോഗികൾ,
കിടപ്പ് രോഗികൾ,
ഭിന്നശേഷി ക്കാർ,
ഗർഭിണികൾ എന്നിവർക്കായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചു.
സെപ്തംബർ 10, 11 തിയതികളിൽ പ്രിയദർശിനി ടൗൺ ഹാളിലെ പ്രത്യേക വാക്സിനേഷൻ ഡ്രൈവിലൂടെ 1680 പേർക്കാണ് വാക്സിൻ നൽകിയത്.
18 നും 44 നും ഇടയിൽ 5719 ആളുകൾക്കും
45 നും 59 നും ഇടയിൽ പ്രായമുള്ള 4309 ആളുകൾക്കും,
60 വയസ്സിന് മുകളിൽ പ്രായമുള്ള 4241 ആളുകൾക്കും
ഒന്നാം ഡോസ് വാക്സിൻ നൽകി.
9200 ആളുകൾക്ക് രണ്ടാം ഡോസ് വാക്സിനും നൽകി.
214 പാലിയേറ്റീവ് രോഗികൾ,
93 ഭിന്നശേഷി ക്കാർ
56 കിടപ്പ് രോഗികൾ,
338 എസ്.സി വിഭാഗത്തിൽ പെട്ടവർ,
36 ഗർഭിണികൾ എന്നിവരും
വാക്സിനേഷൻ ലഭിച്ചവരിൽ ഉൾപ്പെടുന്നു.
ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരിയുടെ നേതൃത്വത്തിൽ
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ.സിറാജ്,
പബ്ലിക് ഹെൽത്ത് നഴ്സ് ഷൈനി ചാക്കോ,
ലിഡിയ സെബാസ്റ്റ്യൻ,
വിജി ഡാലി, രശ്മി.വി.ആർ, എന്നിവരടങ്ങുന്ന സംഘമാണ് വാക്സിനേഷന് നേതൃത്വം നൽകിയത്.
നഗരസഭ ചെയർമാൻ എം.ഒ.ജോൺ, വൈസ് ചെയർ പേഴ്സൺ ജെബി മേത്തർ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം.പി. സൈമൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പുകൾ സജ്ജമാക്കിയത്.