പാലക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ എട്ടു പഞ്ചായത്തുകളിലേയും മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയിലേയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗം ചേര്‍ന്നു. പഞ്ചായത്തികളിലേയും മുന്‍സിപ്പാലിറ്റിയിലേയും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും കോവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം വിലയിരുത്തി സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

വാക്സിനേഷന്‍ ലഭ്യമാകാനുള്ളവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരില്‍ നിന്നും ചോദിച്ചറിഞ്ഞു. പഞ്ചായത്തുകളിലേയും മുന്‍സിപ്പാലിറ്റിയിലേയും മുഴുവനാളുകള്‍ക്കും വാക്സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. പ്രാഥമാകാരോഗ്യ കേന്ദ്രങ്ങളില്‍ നടത്തുന്ന കോവിഡ് ആന്റിജന്‍ പരിശോധനയിലും അതത് കേന്ദ്രങ്ങളില്‍ നടത്തുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനകളിലും ജനങ്ങള്‍ പങ്കാളികളാകണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

അലനല്ലൂര്‍ പഞ്ചായത്തില്‍ മീറ്റിങ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി പ്രസിഡന്റ്, സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.