– പ്രഖ്യാപനം  മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും
– പഞ്ചായത്തിലെ മുഴുവൻ ക്ഷീരകർഷകരും ക്ഷേമനിധിയിൽ

കോട്ടയം: ഗ്രാമപഞ്ചായത്തിലെ മുഴുവൻ ക്ഷീരകർഷകർക്കും ക്ഷേമനിധി അംഗത്വം നൽകി സംസ്ഥാനത്തെ ആദ്യ സമ്പൂർണ ക്ഷീരകർഷക ക്ഷേമനിധി അംഗത്വ ഗ്രാമപഞ്ചായത്തായി വെളിയന്നൂർ. സംസ്ഥാന സർക്കാരിന്റെ 100 ദിനകർമ്മപരിപാടിയുടെ ഭാഗമായാണ് നേട്ടം കൈവരിച്ചത്. സമ്പൂർണ ക്ഷീരകർഷക ക്ഷേമനിധി അംഗത്വ ഗ്രാമപഞ്ചായത്തായി വെളിയന്നൂരിനെ സെപ്റ്റംബർ 18ന്‌ രാവിലെ 10ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പ്രഖ്യാപിക്കും.

ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടൻ എം.പി ക്ഷീര സാന്ത്വനം ധനസഹായവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ചികിത്സാ ധനസഹായവും വിതരണം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ, പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതുയിടം,ക്ഷീര വികസന വകുപ്പ് ഡയറക്ടർ വി.പി സുരേഷ് കുമാർ, ക്ഷേമനിധി ബോർഡ് ചെയർമാൻ അഡ്വ.എൻ.രാജൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടി.കെ. അനികുമാരി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു, ജനപ്രതിനിധികൾ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷീരസംഘാംഗങ്ങൾ എന്നിവർ പങ്കെടുക്കും.