മലപ്പുറം: ബംഗ്ലാംകുന്ന് ഓവുങ്ങല്‍ ബൈപ്പാസിന് സ്ഥലം ലഭ്യമാക്കാന്‍ ചെറിയമുണ്ടം-പൊന്മുണ്ടം പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപടികള്‍ തുടങ്ങി. ബംഗ്ലാംകുന്ന്- പൊന്നേങ്കടവ് റോഡ് വീതി കൂട്ടിയാണ് ബൈപ്പാസ് നിര്‍മിക്കുന്നത്. ഇതിനായി ചെറിയമുണ്ടം-പൊന്മുണ്ടം പഞ്ചായത്തുകള്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ സ്ഥലം സ്വമേധയാ വിട്ടുനല്‍കുന്നതിന് പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതരും പഞ്ചായത്ത് അധികൃതരും ശ്രമം തുടരുകയാണ്. നാലു മീറ്റര്‍ വീതിയിലാണ് ബംഗ്ലാംകുന്ന്- പൊന്നേങ്കടവ് റോഡ്. ഈ റോഡിന് ഇരുവശത്തും രണ്ടു മീറ്റര്‍ വീതി കൂട്ടി എട്ടു മീറ്റര്‍ വീതിയില്‍ 5.05 കോടി രൂപ ചെലവില്‍ ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കാനാണ് പദ്ധതി. ബൈപ്പാസിനായി സ്ഥലം വിട്ടുനല്‍കാന്‍ ഏതാനും ഭൂവുടമകള്‍ സമ്മതം അറിയിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ ഭരണാനുമതി നീട്ടി നല്കാന് സര്‍ക്കാറിലേക്ക് അപേക്ഷ നല്‍കിയിരിക്കുകയാണെന്നും നടപടികള്‍ കാര്യക്ഷമമായി തുടരുകയാണെന്നും കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന് പറഞ്ഞു. ബംഗ്ലാംകുന്ന് ബൈപ്പാസ് യാഥാര്‍ത്ഥ്യമായാല്‍ തിരൂരില്‍ നിന്ന് മലപ്പുറത്തേക്കുള്ള യാത്രക്കാര്‍ക്ക് വൈലത്തൂര്‍ ടൗണ്‍ തൊടാതെ പൊന്മുണ്ടം ബൈപ്പാസില്‍ പ്രവേശിച്ച് പോകാനാകും. നേരിട്ട് കല്പ്പകഞ്ചേരിയിലേക്കും എത്താം. ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നതോടെ വൈലത്തൂര്‍ ടൗണിലെ ഗതാഗതകുരുക്കിനും യാത്രക്കാരുടെ ബുദ്ധിമുട്ടിനും പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു. തലക്കടത്തൂര്‍ റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനും കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിക്കാനും താനാളൂര്‍ – പുത്തനത്താണി റോഡ് സര്‍വേ പൂര്‍ത്തിയായതിനാല്‍ റോഡ് വികസനത്തിന് ഭൂമി എത്രയും വേഗം ഏറ്റെടുക്കാനും മന്ത്രി പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
