മലപ്പുറം: താനൂര്‍ ഗവ. ഫിഷറീസ് സ്‌കൂളില്‍ പശ്ചാത്തല വികസന മേഖലയിലും അക്കാദമിക രംഗത്തും മികച്ച മുന്നേറ്റം. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സര്‍ക്കാര്‍ സ്ഥാപിച്ച താനൂര്‍ ഗവ. ഫിഷറീസ് സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുമ്പെങ്ങുമില്ലാത്ത വിധം ആധുനിക സൗകര്യങ്ങള്‍ ഒരുങ്ങിയതോടെ അക്കാദമിക അന്തരീക്ഷം മെച്ചപ്പെട്ട് വിജയശതമാനം കൂടി. മൂന്നേമുക്കാല്‍ കോടി രൂപയുടെ അത്യാധുനിക ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമായതിനൊപ്പം ആകര്‍ഷകമായ പ്രവേശന കവാടം ഉള്‍പ്പെടെയുള്ള ചുറ്റുമതില്‍ നിര്‍മ്മാണം അന്തിമഘട്ടത്തിലെത്തി. സ്‌കൂള്‍ സൗന്ദര്യവത്ക്കരണ പ്രവൃത്തിയും പുരോഗമിക്കുകയാണ്. ക്ലാസ്മുറികള്‍, ലാബുകള്‍, സെമിനാര്‍ ഹാള്‍ തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ മൂന്നുകോടിയുടെ ഹൈസ്‌കൂള്‍ കെട്ടിടം, കായിക പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്റ്റേഡിയം എന്നിവയെല്ലാം സ്‌കൂളില്‍ ഒരുങ്ങുകയാണ്. ഇതിനെല്ലാം പുറമെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനായി മൂന്ന് കോടി രൂപയുടെ പുതിയ കെട്ടിടവും ഓപ്പണ്‍ ഓഡിറ്റോറിയവും താനൂര്‍ ഗവ. ഫിഷറീസ് സ്‌കൂളില്‍ പണിയുന്നതിന് പദ്ധതിയുണ്ട്. ഈയൊരു സാഹചര്യത്തില്‍ എസ്.എസ്.എല്‍സി, പ്ലസ്ടു, വി.എച്ച്.എസ്.സി വിഭാഗങ്ങളില്‍ ഉന്നത വിജയം നേടിയ സ്‌കൂള്‍ വിദ്യാര്‍ഥികളെ പി.ടി.എ കമ്മിറ്റി അനുമോദിക്കും. 35 വിദ്യാര്‍ത്ഥികളെയാണ് സെപ്തംബര്‍ 19ന് (ഞായറാഴ്ച ) വൈകീട്ട് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉപഹാരം നല്‍കി അനുമോദിക്കുന്നത്. സ്‌കൂളിനായുള്ള ഉപഹാരം മന്ത്രി സമ്മാനിക്കും. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടിയില്‍ താനൂര്‍ നഗരസഭ ചെയര്‍മാന്‍ പി.പി ഷംസുദ്ധീന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ജയപ്രകാശ്, നഗരസഭ കൗണ്‍സിലര്‍ ആബിദ് വടക്കയില്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ചിത്ര തുടങ്ങിയവര്‍ പങ്കെടുക്കും.
