ഇടുക്കി: സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് സംസ്ഥാനതല ഉദ്ഘാടനം പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. രാജ്യത്തിന് കേരളം നല്കിയ മാതൃകാപരമായ പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. 2010 ല്‍ ഓരോ സ്കൂളില്‍ ആണ് അനുവദിച്ചതെങ്കില്‍ ഇന്ന് 968 സ്കൂളില്‍ നടപ്പായി. ഘട്ടം ഘട്ടമായി മറ്റ് വിദ്യാലയങ്ങളിലും എസ്.പി.സി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിദ്യാലയങ്ങളിലും എല്ലാ വിദ്യാര്‍ത്ഥികളിലേക്കും എസ്.പി.സി എത്തിക്കുകയാണ് ലക്ഷ്യം. അതിനാവശ്യമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എസ്പിസി അച്ചടക്കമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ അടിത്തറയിട്ട പദ്ധതിയാണ്. മാനസികവും ആരോഗ്യവുമുള്ള യുവതലമുറയെ സൃഷ്ടിക്കുവാന്‍ പദ്ധതിയിലൂടെ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാതല ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പാറത്തോട് സെന്റ് ജോര്ജ്ജസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിച്ചു. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങളാണുണ്ടാവുന്നത്. വിദ്യാഭ്യാസ രംഗത്തെ നവീകരണ പ്രവര്‍ത്തനത്തില്‍ എസ്.പി.സിയുടെ പ്രവര്‍ത്തനം എടുത്ത് പറയേണ്ടതാണെന്നും പ്രാദേശിക ഉദ്ഘാടനം നിര്‍വഹിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. ജില്ലയിലെ എട്ട് സ്കൂളുകളിലാണ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന് പുതുതായി തുടക്കം കുറിച്ചത്. ദീപാ ഹൈസ്കൂള്‍ കുഴിത്തൊളു, എസ്എന്എംവിഎച്ച്എസ്എസ്എസ് വണ്ണപ്പുറം, സെന്റ്. തോമസ് ഹൈസ്കൂള്‍ പുന്നയാര്‍, സെന്റ്. ജോര്‍ജ്ജ് ഹൈസ്കൂള്‍ പാറത്തോട്, സെന്റ്. മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മുരിക്കാശ്ശേരി, മന്നം മെമ്മോറിയല്‍ ഹൈസ്കൂള്‍ നരിയംപാറ, സെന്റ്. ജോര്‍ജ്ജ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വാഴത്തോപ്പ്, സെന്റ്. മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വെള്ളാരംകുന്ന് എന്നീ സ്കൂളുകളിലാണ് പുതുതായി എസ്പിസിക്ക് തുടക്കമായത്.
സെന്റ് ജോര്‍ജ്ജ്സ് സ്കൂള്‍ മാനേജര്‍ ജോസ് ചെമ്മരപ്പള്ളില്‍ അദ്ധ്യക്ഷത വഹിച്ച പ്രാദേശിക യോഗത്തില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന് ചെല്ലപ്പന്, കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ്, കൊന്നത്തടി വൈസ് പ്രസിഡന്റ് ടി.പി മല്‍ക്ക ത്രിതല പഞ്ചായത്തംഗങ്ങളായ ഷൈനി സജി, സാലി കുര്യാച്ചന്, സ്കൂള്‍ ഹെഡ്മാസ്റ്റര് ഷാജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഇടുക്കി ഡി.വൈഎസ്പി ഇമ്മാനുവല്‍ പോള്‍ പദ്ധതി വിശദീകരണം നടത്തി. അദ്ധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.