ഇടുക്കി : മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗത്തില്‍ പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചിബാവ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. ശരിയായ ജനലുകള്‍, വാതിലുകള്‍, മേല്‍ക്കൂര, ഫ്ലോറിംഗ്, ഫിനിഷിംഗ്, പ്ലംബിംഗ്, സാനിട്ടേഷന്‍, ഇലക്ട്രിഫിക്കേഷന്‍ എന്നിവ ഇല്ലാത്ത വീടുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നല്‍കുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടയ്ക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ ഫീറ്റ് കവിയരുത്. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന. അപേക്ഷകയ്ക്കോ അവരുടെ മക്കള്‍ക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിനുമുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പും പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്.

2021-22 സാമ്പത്തികവര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വീട് റിപ്പയര്‍ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീര്‍ണ്ണം 1200 സ്‌ക്വയര്‍ ഫീറ്റില്‍ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് വില്ലേജ് ഓഫീസര്‍, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം മതിയാകും. മറ്റു വകുപ്പുകളില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വര്‍ഷത്തിനുള്ളില്‍ ഭവനനിര്‍മ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്റ്റന്‍ഷന്‍ ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍, എന്നിവരില്‍ ആരുടെയെങ്കിലും പക്കല്‍ നിന്നും സര്‍ട്ടിഫിക്കറ്റ് മതിയാകും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ജില്ലാ കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ ( ജനറല്‍ ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ ജില്ലാ കലക്ടറേറ്റിലേക്ക് തപാല്‍ മുഖാന്തിരമോ അപേക്ഷിക്കാം. പുതുക്കിയ അപേക്ഷാഫോറം www.minortiywelfare.gov.in എന്ന വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ജില്ലാ കളക്ടറേറ്റില്‍ സ്വീകരിക്കുന്ന അവസാന തീയതി 2021 സെപ്റ്റംബര്‍ 30 ആണ്.