ഇടുക്കി : സംസ്ഥാനത്തെ ആദ്യ വാര്‍ഡ് തല കോവിഡ് ചികിത്സ കേന്ദ്രം വെള്ളതൂവല്‍ പഞ്ചായത്ത് ആറാം വാര്‍ഡില്‍ ആനച്ചാല്‍ ഈട്ടിസിറ്റിയില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അധ്യക്ഷയായിരുന്നു. മുന്‍ എംഎല്‍ എ കെ കെ ജയചന്ദ്രന്‍, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, പഞ്ചായത്ത് അംഗം കെ ആര്‍ ജയന്‍, എം എം മാത്യു, പി ബി സജീവ് എന്നിവര്‍ സംസാരിച്ചു. ഒന്‍പത് കിടക്കകളും അവശ്യ മരുന്നുകളും വൈദ്യ സഹായവും ഡിസിസിയിലുണ്ട്. അടച്ചിടല്‍ വിരസതയകറ്റാന്‍ കാരം ബോര്‍ഡ്, പുസ്തകങ്ങള്‍, ടിവിയുമെല്ലാം ഡിസിസിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. കോവിഡ് സമ്പൂര്‍ണ വാക്‌സിനേഷന്‍ ഗ്രാമം എന്ന നേട്ടവും വാര്‍ഡിനുണ്ട്.
