എറണാകുളം : നാളെ (സെപ്തം: 18) ലോകമുളദിനം. നാലു വർഷം മുൻപ് പെരിയാറിന്റെ തീരത്ത്, ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് നട്ട ഇല്ലിത്തൈകൾ പടർന്ന് പന്തലിച്ച് ഇന്ന് വലിയൊരു മുളങ്കൂട്ടമായി മാറിയിരിക്കുന്നു. അന്ന് ഈ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകിയ ഇപ്പോഴത്തെ വ്യവസായ മന്ത്രി പി. രാജീവ് മണപ്പുറത്തെ മുളങ്കൂട്ടം കാണാനെത്തും.പെരിയാറിനൊരു ഇല്ലിത്തണൽ എന്ന കാമ്പയിന്റെ ഭാഗമായി 2017 ലാണ് ഇല്ലിത്തൈകൾ നട്ടത്. നേര്യമംഗലം മുതൽ പെരിയാറിന്റെ ഇരുകരകളിലുമായി ഏകദേശം 100 കിലോമീറ്റർ ദൂരത്തിൽ നൂറുകണക്കിന് തൈകൾ നട്ടു. ഇന്നത് വളർന്ന് വലിയ മുളങ്കാടായി. മുള മണ്ണിന്റെ സുരക്ഷാ കവചമാണെന്നും, പ്രളയക്കെടുതികൾക്ക് ഒരു പരിധി വരെ പ്രതിവിധിയാകാമെന്നും മുൻകൂട്ടി കണ്ടാണ് പെരിയാറിനൊരു ഇല്ലിത്തണൽ പദ്ധതി ആരംഭിച്ചത്.
കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടുന്നതിനും മണ്ണിനെ ബലപ്പെടുത്താനും മുളകൾ നട്ടുവളർത്തുക വഴി സാധിക്കും. മണ്ണിടിച്ചിലിനെ തടയാനും കഴിയും. കൂടുതൽ വേഗത്തിൽ വളർന്ന് കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കാനും ഓക്സിജൻ പുറത്തുവിടാനും മുളയ്ക്ക് കഴിവുണ്ട്.
ആലുവ മണപ്പുത്ത് പ്രളയത്തെ അതിജീവിച്ച ഇല്ലിത്തൈകൾ നാലുവർഷം കൊണ്ടാണ് മുളങ്കാടായത്. പെരിയാറിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിനായി ജനകീയ കാമ്പയിൻ സംഘടിപ്പിച്ചതും ആദ്യമായാണ്.
ഇതോടൊപ്പം 2018ലെ പ്രളയത്തിനു ശേഷം ചെളിയടിഞ്ഞ കുണ്ടാലക്കടവ് മണപ്പുറം നടപ്പാതയും വൃത്തിയാക്കിയതോടെ പ്രഭാത സായാഹ്ന സാവാരിക്കാർക്ക് ടൈൽ വിരിച്ച റോഡും മുളങ്കാടും ഉപയോഗപ്പെടും.