എറണാകുളം: സംസ്ഥാനത്തിൻറെ വിസ്തൃതമായ തീരദേശമേഖലയുടെ രുചി വൈവിധ്യങ്ങള്‍ ലോകത്തിന് മുന്നില്‍ വിളമ്പി തനതായ തീരദേശ ജനതയുടെ ജീവിതമികവിന് കാരണമാവുകയാണ് തീരമൈത്രി ഭക്ഷണശാലകള്‍. സൊസൈറ്റി ഫോര്‍ അസിസ്റ്റൻസ് ടു ഫിഷര്‍വിമൻ അഥവാ സാഫ് നടപ്പിലാക്കുന്ന തീരമൈത്രി ഭക്ഷണശാലകളുടെ രണ്ടാം ഘട്ടത്തിൻറെ സംസ്ഥാന തല ഉദ്ഘാടനം ശനിയാഴ്ച രാവിലെ 11 മണിക്ക് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഓണ്‍ലൈൻ ആയി നിര്‍വ്വഹിക്കും. ജില്ലയില്‍ ഹൈക്കോടതിക്ക് സമീപമാണ് തീരമൈത്രി ഭക്ഷണശാല പ്രവര്‍ത്തനം ആരംഭിക്കുന്നത്

കേരളത്തില്‍ വര്‍ഷം മുഴുവൻ സുലഭമായി ലഭിക്കുന്നമത്സ്യ വിഭവങ്ങളുടെ സാധ്യതകളെ കണക്കിലെടുത്തുകൊണ്ടും തീരദേശ മേഖലയിലെ വനിതകള്‍ക്ക് ഈ മേഖലയിലുള്ള താത്പര്യവും അഭിരുചികളും തൊഴില്‍സാധ്യതകളായി പ്രയോജനപ്പെടുത്തികൊണ്ടുമാണ് സൊസൈറ്റി ഫോര്‍ അസിസ്റ്റൻസ് ടു ഫിഷര്‍വിമൻ തീരമൈത്രി ഭക്ഷണശാലകള്‍ ആരംഭിച്ചിട്ടുള്ളത്. ഈ പദ്ധതിക്ക് 3.4282 കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 9 തീരദേശ ജില്ലകളില്‍ ആയി 230 മത്സ്യ തൊഴിലാളി വനിതകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് തീരമൈത്രി ഭക്ഷണശാല ശൃംഖല രൂപീകരിക്കുന്നത്. അഞ്ച് പേരടങ്ങുന്നസംഘത്തിന് അഞ്ചു ലക്ഷം രൂപ വരെ സഹായം അനുവദിക്കും.

നൂറു ദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്താകെ 30 തീരമൈത്രി ഭക്ഷണശാലകളാണ് ആരംഭിക്കുന്നത്. ഇതില്‍ 13 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. രണ്ടം ഘട്ടത്തില്‍ 17 എണ്ണം പ്രവര്‍ത്തനം ആരംഭിക്കും.

ജില്ലാ തല ഉദ്ഘാടന ചടങ്ങില്‍ ‍ടി.ജെ വിനോദ് എം.എല്‍.എ കൊച്ചി കോര്‍പ്പറേഷൻ മേയര്‍ എം.അനില്‍കുമാര്‍, മറ്റ് ജനപ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.