കാക്കനാട്: ഹെവി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവർക്ക് ഇനി സിമുലേറ്റർ പരീക്ഷണവും. കാക്കനാട് സിവിൽ സ്‌റ്റേഷനിൽ പുനസ്ഥാപിച്ച
സിമുലേറ്റർ ഡ്രൈവിംഗ് പ്രാക്ടീസ് നടത്തുന്നതിനുള്ള സംവിധാനം മന്ത്രി ആൻ്റണി രാജു ഉദ്ഘാടനം ചെയ്തു. ആദ്യ പ്രാക്ടീസും മന്ത്രി നടത്തി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡ്രൈവിംഗ് വൈദഗ്ധ്യം പരീക്ഷിക്കുന്നതിനാണ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. റോഡിൽ വാഹനം ഓടിക്കുന്ന മാതൃകയിലുള്ള എല്ലാ പ്രതിസന്ധികളും ഇവിടെ സ്ക്രീനിൽ തെളിയും. ഡ്രൈവർ വാഹനത്തിൽ കയറിയാൽ ഒപ്പം സ്ക്രീനിൽ റോഡും വ്യക്തമാകും. തുടർന്ന് റോഡിലൂടെ ഓടിക്കുന്ന പോലെ തന്നെ ഇവിടെയും വാഹനമോടിക്കണം. ഇത് വിജയകരമായി പൂർത്തിയാക്കിയ സർട്ടിഫിക്കറ്റു ലഭിക്കുന്നവർക്കാണ് റോഡിൽ വാഹനമോടിച്ച് കാണിച്ച് ഡ്രൈവിംഗ് ലൈസൻസ് കൈപ്പറ്റാൻ പറ്റൂ. ഹെവി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവർക്കു മാത്രമാണ് സിമുലേറ്റർ ഡ്രൈവിംഗ് പ്രാക്ടീസ് നൽകുന്നത്. ഇത് 2012 ൽ ജില്ലയിൽ ആരംഭിച്ചതാണെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാൽ പ്രവർത്തനം നിലച്ചിരുന്നു. പാറശ്ശാല ,കോഴിക്കോട് എന്നിവിടങ്ങളിലും പ്രാക്ടീസ് ഉണ്ട്.