എറണാകുളം: സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതികൃഷിയുടെ ജില്ലാതല വിളവെടുപ്പ് നടന്നു. വിളവെടുപ്പ് ഉദ്ഘാടനം പറവൂർ എംഎൽഎ വി.ഡി സതീശൻ നിർവഹിച്ചു. പ്രകൃതി കൃഷി ഇന്നത്തെ സമൂഹത്തിന് അനിവാര്യമാണെന്നും നല്ലൊരു നാളെക്കായി എല്ലാവരും ഈ രംഗത്തേക്ക് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

കൂനമ്മാവ് സെൻ്റ് ജോസഫ് ബോയ്സ് ഹോമിലെ വിദ്യാർത്ഥികൾ വൃക്ഷായുർവേദ വിധിപ്രകാരം കൃഷി ചെയ്ത ജൈവ പച്ചക്കറികളുടെ വിളവെടുപ്പും ഇതോടൊപ്പം നടന്നു.
പരിപാടിയുടെ ഭാഗമായി കൃഷിയിടത്തിൽ ജൈവ വിളംബര ജ്വാലയും കൃഷിയിടത്തിൽ നിന്ന് ഒരുപിടി മണ്ണ് എടുത്ത് മണ്ണ് പ്രതിജ്ഞയും നടന്നു.

ജില്ലയിലെ എല്ലാ ബ്ലോക്കുകളിലേയും ഫാർമേഴ്സ് ഇൻ്ററസ്റ്റിംഗ് ഗ്രൂപ്പുകൾ ഉത്പാദിപ്പിച്ച വളക്കൂട്ടുകളുടെയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും പ്രദർശന വിപണന മേളയും നടന്നു. മൂഴിക്കുളം നാട്ടുകളരിയുടെ ഡയറക്ടറായ ടി.ആർ പ്രേംകുമാറിൻ്റെ പരിസ്ഥിതി സൗഹൃദ ശാസ്ത്രീയ കൃഷി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ്, വൈസ് പ്രസിഡൻ്റ് സനീഷ് കെ.എസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻ്റണി കോട്ടക്കൽ, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി, വൈസ് പ്രസിഡൻ്റ് അനിജ വിജു, പഞ്ചായത്ത് അംഗങ്ങളായ സെബാസ്റ്റ്യൻ തോമസ്, ബിജു പഴമ്പിള്ളി, സെൻറ് ജോസഫ് ബോയ്സ് ഹോം ഡയറക്ടർ ഫാദർ സംഗീത് ജോസഫ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിതകുമാരി വി, പറവൂർ കൃഷി അസിസ്റ്റൻറ് ഡയറക്ടർ ജിഷ പി.ജി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ക്യാപ്ഷൻ: സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതികൃഷിയുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം പറവൂർ എംഎൽഎ വി.ഡി സതീശൻ നിർവഹിക്കുന്നു