കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ് വളപ്പിലെ പുതിയ കെട്ടിടത്തിൽ വിപുലമായ സംവിധാനങ്ങളോടെ പ്രവർത്തനമാരംഭിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഓഫീസ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ ഡിജിറ്റൽ ഡയരക്ടറിയും ഇൻഫർമേഷൻ ഓഫീസ് കാസർകോട് വിഷൻ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കവാടം പരിപാടിയുടെ പ്രൊമോ വീഡിയോയും കവാടം ലോഗോയും ജദില്ലാ കളക്ടർ പ്രകാശനം ചെയ്തു.
സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങളുടെ പ്രചാരണത്തിനും പൊതുജന സമ്പർക്കത്തിനും പിആർഡിയുടെ സേവനം കൂടുതൽ മികവുറ്റതാക്കാനും ലക്ഷ്യമിട്ട് അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പി.ആർ.ഡി ഫണ്ട് 1.76 കോടി രൂപ ചെലവിൽ നിർമ്മിച്ച ഓഫീസ് വനിത, ശിശു, ഭിന്നശേഷി സൗഹൃദ മന്ദിരമാണ്. ഓഫീസ് സംവിധാനത്തിനു പുറമേ വിപുലമായ ഇൻഫർമേഷൻ ഹബ്ബായി വികസിപ്പിക്കാനുതകുന്ന ഇൻഫർമേഷൻ സെന്റർ, ഡിജിറ്റൽ വീഡിയോ ലൈബ്രറി, ശബ്ദനിയന്ത്രണ സംവിധാനമുള്ള പി ആർ ചേംബർ, മലയാളം, കന്നഡ പ്രസ് റിലീസ് വിഭാഗം, മൊബൈൽ ജേർണലിസം സ്റ്റുഡിയോ, പ്രിസം വിഭാഗം, സാങ്കേതിക വിഭാഗം എന്നിവയെല്ലാം കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പിആർഡിയുടെ ഏറ്റവും വലിയ ഓഫീസ് മന്ദിരമാണ് കാസർകോട് ജില്ലയിലേത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ പി.ആർ.ഡി കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.വി. സുഗതൻ അധ്യക്ഷത വഹിച്ചു. എ.ഡി.എം എ.കെ. രമേന്ദ്രൻ, ഫിനാൻസ് ഓഫീസർ കെ. സതീശൻ, ജില്ലാ ലോ ഓഫീസർ മുഹമ്മദ് കുഞ്ഞി. കെ, സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് സുരേഷ് ബാബു, സർവീസ് സംഘടനാ പ്രതിനിധി കെ.പി. ഗംഗാധരൻ, കാസർകോട് പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ സ്വാഗതവും അസി.എഡിറ്റർ പി.പി. വിനീഷ് നന്ദിയും പറഞ്ഞു.