സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്.
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 5 മെഡിക്കല്‍ കോളേജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ മികച്ച സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകളില്‍ വിവിധ പദ്ധതികളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതോടെ ഇവിടങ്ങളിലെത്തുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാകുന്നതാണെന്നും മന്ത്രി പറഞ്ഞു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളില്‍ ഗവേഷണത്തിനായുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജിലെത്തുന്ന ഓരോ രോഗിയെയും ആര്‍ദ്രതയോടെ സമീപിക്കാനും ചികിത്സ നല്‍കാനുമാണ് ശ്രദ്ധിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം മികച്ച ചികിത്സാ, മികച്ച സേവനം എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച് വികസനത്തിന്റെ ഒരു ഘട്ടം കൂടി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ലോകത്താകമാനം കോവിഡിനെതിരായുള്ള പോരാട്ടത്തിലാണ് ആരോഗ്യ മേഖല. കേരളവും ആ പോരാട്ടത്തിന്റെ ഭാഗമാണ്. കോവിഡിനൊപ്പം നിപയും വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ശക്തമായ ഇടപെടലുകളിലൂടെയും പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും നിപയെ നിയന്ത്രണ വിധേയമാക്കാനായെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഇടുക്കി മെഡിക്കല്‍ കോളേജിലെ നവീകരിച്ച ആര്‍ടിപിസിആര്‍ ലാബിന്റെയും കിടത്തിച്ചികിത്സ വിഭാഗത്തിലെ കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനത്തിന്റെയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു.
41 ലക്ഷം രൂപ മുതല്‍ മുടക്കി കോവിഡ് പരിശോധന മെച്ചപ്പെടുത്താനായി ആര്‍ടിപിസിആര്‍ ലാബില്‍ കൂടുതല്‍ പ്രവര്‍ത്തന ക്ഷമതയുള്ള ഓട്ടോമേറ്റഡ് നൂക്ലിക് ആസിഡ് എക്സ്ട്രാക്ട് മെഷീനാണ് സ്ഥാപിച്ചത്. പുതിയ പരിശോധന ഉപകരണം വഴി പ്രതിദിനം 1500 മുതല്‍ 2000 ആര്‍ടിപിസിആര്‍ പരിശോധനകള്‍ വരെ സാധ്യമാകും. ഭാവിയില്‍ ആര്‍എന്‍എ, ഡിഎന്‍എ പോലുള്ള പരിശോധനകള്‍ക്കും മരുന്ന് പരീക്ഷണങ്ങള്‍ക്കും ഈ ലാബ് റിസര്‍ച്ച് ലൈബ്രറി ആക്കാന്‍ സാധിക്കും. കേന്ദ്രീകൃത ഓക്സിജന്‍ വിതരണ സംവിധാനം 82 ബെഡ്ഡുകളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. 10 ലക്ഷം രൂപയാണ് ഇതിന് ചിലവഴിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ച പരിപാടിയില്‍ ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്, ഡിഡിസി അര്‍ജുന്‍ പാണ്ഡ്യന്‍, ഡിഎംഒ ഡോ എന്‍ പ്രിയ, ഡിപിഎം ഡോ സുജിത് സുകുമാരന്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ ബി ഷീല, ത്രിതല പഞ്ചായത്തംഗങ്ങളായ രാജി ചന്ദ്രന്‍, ജോര്‍ജ്ജ് പോള്‍, കെജി സത്യന്‍, ഡിറ്റാജ് ജോസഫ്, നിമ്മി ജയന്‍, ആര്‍എം ഡോ അരുണ്‍ എസ്, തുടങ്ങിയവര്‍ പങ്കെടുത്തു