തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമാണ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (സാഫ്) സാധ്യമാകുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. ജില്ലയില്‍ രണ്ടാംഘട്ട തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട തീരദേശ ജനതയുടെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി സാഫിന്റെ നേതൃത്വത്തില്‍ ചെറുകിട തൊഴില്‍ സംരംഭങ്ങളുടെ ശൃംഖല വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട് എന്ന് മന്ത്രി പറഞ്ഞു.
നീണ്ടകര ഹാര്‍ബര്‍, ശക്തികുളങ്ങര എന്നിവിടങ്ങളിലാണ് മൂന്നു സീഫുഡ് റസ്റ്റോറന്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നുള്ള അഞ്ച് വനിതകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. 6,67,000 രൂപയാണ് അടങ്കല്‍ തുക. ഇതില്‍ അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ സബ്‌സിഡിയും 1,33,000 രൂപ ബാങ്ക് ലോണും 34,000 രൂപ ഗുണഭോക്തൃ വിഹിതവും ആണ്.
നീണ്ടകര ഹാര്‍ബറില്‍ തുടങ്ങിയ കരിക്കാടി തീരമൈത്രി സീ ഫുഡ് റസ്റ്റോറന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി. പി. സുധീഷ് കുമാറും ശക്തികുളങ്ങരയില്‍ ആരംഭിച്ച സാറാസ്, കാന്താരി റസ്റ്റോറന്റുകളുടെ ഉദ്ഘാടനം കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ എം. സുമി, രാജു നീലകണ്ഠന്‍ എന്നിവര്‍ നിര്‍വഹിച്ചു. ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ഫിഷറീസ് – സാഫ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.