സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങില്‍ സന്തോഷം പങ്ക് വച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഗുണഭോക്താക്കളും. സംസ്ഥാനത്തൊട്ടാകെ നൂറ് ദിനങ്ങള്‍ക്കുള്ളില്‍ 10000 വീടുകള്‍ പൂര്‍ത്തീകരിക്കപ്പെട്ടതിന്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങ് ഓണ്‍ലൈനായി വീക്ഷിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കിയിരുന്നു. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൂര്‍ത്തീകരിച്ച വീടുകളുടെ അങ്കണത്തിലും ജനപ്രതിനിധികളും ഗുണഭോക്താവിന്റെ കുടുംബാംഗങ്ങളും ചേര്‍ന്ന് പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. നിരവധി വീടുകളില്‍ ഇതോടനുബന്ധിച്ച് ഗൃഹ പ്രവേശ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. ഇടുക്കി ജില്ലയില്‍ 1125 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 17776 വീടുകള്‍ പൂര്‍ത്തിയായി. ഇതില്‍ ഒന്നാം ഘട്ടത്തിലെ 3123 വീടുകളും രണ്ടാംഘട്ടത്തിലെ 9989 വീടുകളും മൂന്നാം ഘട്ടത്തിലെ 1051 വീടുകളും പട്ടികജാതി-പട്ടികവര്‍ഗ – ഫിഷറീസ് വിഭാഗക്കാരുടെ അഡീഷണല്‍ലിസ്റ്റിലെ 39 വീടുകളും പിഎംഎവൈ അര്‍ബന്‍ വിഭാഗത്തിലെ 1674 വീടുകളും പിഎംഎവൈ ഗ്രാമീണ വിഭാഗത്തിലെ 760 വീടുകളും പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് വഴി നിര്‍മ്മിച്ച 941 വീടുകളും 199 ഫ്ലാറ്റുകളും ഉള്‍പ്പെടുന്നു.
?എട്ട് വര്‍ഷം വാടകയ്ക്ക്; ഇപ്പോള്‍ ലഭിച്ചത് സ്വപ്ന ഭവനം?
കരിമണ്ണൂര്‍ പഞ്ചായത്തിലെ കോട്ടക്കവല വേട്ടൂര്‍കുന്നേല്‍ സിജു.വി.ആര്‍. ഉം കുടുംബവും ഇനി മുതല്‍ സ്വന്തം വീട്ടില്‍ താമസിക്കാമെന്നതിന്റെ സന്തോഷത്തിലാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി വാടകക്കായിരുന്നു സിജുവും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ഇവര്‍ക്കൊരു ഭവനമെന്നത് ഇതുവരെ സ്വപ്നമായിരുന്നു. ഇതിനിടെയാണ് ലൈഫ് ഭവന പദ്ധതി പ്രകാരം ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ധന സഹായം ലഭിക്കുന്നതിനുള്ള ലിസ്റ്റില്‍ സിജുവും ഉള്‍പ്പെട്ടത്. ഇതോടെ ഓട്ടോറിക്ഷ തൊഴിലാളിയായ സിജു കഠിനാധ്വാനം ചെയ്തും മിച്ചം പിടിച്ചും ഒരു വിധം സ്വരുക്കൂട്ടിയ പണം കൊണ്ട് കോട്ടവലയില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങി. തുടര്‍ന്ന് പഞ്ചായത്തധികൃതരുടേയും വിഇഓ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടേയും സഹായത്തോടെ കാര്യങ്ങള്‍ വേഗത്തിലായി. നാല് ലക്ഷം രൂപായുടെ ധനസഹായം ലഭ്യമായി. ഇതോടെ വീട് നിര്‍മ്മാണം ആരംഭിച്ചു. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായി. രണ്ട് കിടപ്പ് മുറി, ഹാള്‍, അടുക്കള, സിറ്റ് ഔട്ട്, ടോയ്ലെറ്റ് എന്നിങ്ങനെയുള്ള സൗകര്യത്തോടെയാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷമെന്നാണ് ഗൃഹപ്രവേശന ചടങ്ങിന് ശേഷം സിജു പറഞ്ഞത്. ഇതിന് സര്‍ക്കാരിനോടും പഞ്ചായത്തിനോടും മറ്റ് ഉദ്യോഗസ്ഥരോടുമെല്ലാം നന്ദി പറയുകയാണ് സിജുവും കുടുംബവും.
?വാടക വീട്ടില്‍ നിന്നും സ്വപ്ന ഭവനത്തിലേക്ക്?
വാടക വീട്ടിലെ വര്‍ഷങ്ങള്‍ നീണ്ട ജീവിതത്തിന് ശേഷം അടച്ചുറപ്പുള്ള സ്വന്തം ഭവനത്തില്‍ താമസിക്കാനായതിന്റെ സന്തോഷത്തിലാണ് ഇടവെട്ടി 11 ആം വാര്‍ഡ് മങ്ങാട്ടില്‍ വീട്ടില്‍ റംല സലാം. ടാക്സി ഡ്രൈവറായ ഭര്‍ത്താവ് സലാമിന് വാഹനം ഓടിച്ച് കിട്ടുന്നതാണ് വീട്ടിലെ ഏക വരുമാന മാര്‍ഗം. മക്കളുടെ പഠനവും വിവാഹവുമൊക്കെയായതോടെ സ്വന്തമായൊരു വീട് എന്നെങ്കിലും നിര്‍മ്മിക്കാനാവുമോയെന്ന ആശങ്ക പോലുമുണ്ടായിരുന്നുവെന്ന് റംല പറഞ്ഞു. ഇതിനിടെ സ്വരുക്കൂട്ടി വച്ച പണം കൊണ്ട് അഞ്ച് സെന്റ് ഭൂമി വാങ്ങാനായിരുന്നു. ഇതേ സമയത്താണ് ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റില്‍ റംലയുടെ പേരും ഉള്‍പ്പെട്ടത്. ഇതോടെയാണ് തൊല്ലൊരു ആശ്വാസമായത്. തുടര്‍ന്ന് വീട് നിര്‍മ്മാണം വേഗത്തിലായി. വീട് നിര്‍മ്മിക്കാന്‍ ലഭിച്ച നാല് ലക്ഷം രൂപാക്ക് പുറമേ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി 90 തൊഴില്‍ ദിനങ്ങളും കൂടി പഞ്ചായത്ത് അനുവദിച്ചു. രണ്ട് കിടപ്പ് മുറി, ഹാള്‍, അടുക്കള, സിറ്റ് ഔട്ട്, ടോയ്ലെറ്റ് എന്നിങ്ങനെയുള്ള സൗകര്യത്തോടെയാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഇതിന് പുറമേ മാലിന്യ സംസ്‌കരണ കുഴി, വൈദ്യുതി കണക്ഷന്‍ എന്നിവയും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സൗജന്യമായി ലഭ്യമാക്കി. വാര്‍ദ്ധക്യ കാലത്തെങ്കിലും സുരക്ഷിതമായ അടച്ചുറപ്പുള്ള വീട്ടില്‍ കഴിയാനാകുന്നതിന്റെ ആശ്വാസത്തിലാണ് റംലയും കുടുംബവും. തങ്ങളെ സംബന്ധിച്ച് ഇതൊരു സ്വപ്ന ഭവനമാണെന്നും ഇത് യാഥാര്‍ത്ഥ്യമാക്കി തന്നതിന് സര്‍ക്കാരിനോടും പഞ്ചായത്തിനൊടും നന്ദി പറയുകയാണ് റംല പറഞ്ഞു.
?️സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങ് ഇടവെട്ടിയില്‍ സംഘടിപ്പിച്ചു?️
ഇടവെട്ടി 11 ആം വാര്‍ഡില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം നിര്‍മ്മിച്ച റംല മങ്ങാട്ടിന്റെ വീട്ടില്‍ സംഘടിപ്പിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ.സുഭാഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ താഹിറ അമീര്‍, ബേബി തോമസ്, മോളി ബിജു, പഞ്ചായത്തംഗങ്ങളായ ബിന്ദു ശ്രീകാന്ത്, ലത്തീഫ് മുഹമ്മദ്, ബിന്‍സി മാര്‍ട്ടിന്‍, ഉദ്യോഗസ്ഥരായ സവിത, യൂസഫ്, വിഇഓ ദീപ, യൂത്ത് കോ. ഓര്‍ഡിനേറ്റര്‍ മുഹമ്മദ് താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.