ആലപ്പുഴ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കര്‍ഷകരും പാടശേഖരങ്ങള്‍ക്ക് സമീപം താമസിക്കുന്ന കര്‍ഷക തൊഴിലാളികളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കു പുറമേ പ്രദേശത്തെ വെള്ളക്കെട്ട് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും മന്ത്രി വിലയിരുത്തി. നെല്‍കൃഷി ചെയ്യേണ്ട സമയത്ത് കൃത്യമായി വെള്ളം വറ്റിക്കാത്തതുമൂലം സമീപത്തെ വീടുകളില്‍ താമസിക്കുന്നവര്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നു.ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളുമായി കൂടിയാലോചിച്ച് പ്രദേശത്തെ നെല്‍ കൃഷിയെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വെള്ളക്കെട്ട് മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വേലിയേറ്റ- വേലിയിറക്ക സമയമനുസരിച്ച് അന്ധകാരനഴി ഷട്ടറിന്‍റെ പ്രവര്‍ത്തനം ഉറപ്പാക്കും. പ്രദേശവാസികള്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിന് ജലസേചനം, കൃഷി, റവന്യൂ, ഫിഷറീസ്, പോലീസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

ദലീമ ജോജോ എം.എല്‍.എ, ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ശ്രീരേഖ, കൃഷി, ഫിഷറീസ്, ഇറിഗേഷന്‍, റവന്യൂ, പോലീസ് തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.