വടക്കാഞ്ചേരിയിലെ 4 സ്‌കൂളുകളില്‍ കൂടി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ്. പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, പുറ്റേക്കര സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ആര്യംപാടം സര്‍വ്വോദയം ഹയര്‍ സെക്കന്ററി സ്‌കൂള്‍, വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂള്‍ എന്നി സ്‌കൂളുകള്‍ക്കാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് അനുവദിച്ചത്.

കുട്ടികളില്‍ നിയമബോധവും ദേശീയതയും അച്ചടക്കവും നേതൃത്വപാടവവും വര്‍ധിക്കാനുംതെറ്റ് കണ്ടാല്‍ ചൂണ്ടിക്കാണിക്കാനുള്ള ആര്‍ജ്ജവമുണ്ടാകാനും ഈ പാഠ്യപദ്ധതി സഹായിക്കും. സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് 2010ല്‍ കേരളത്തില്‍ രൂപം കൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി). 2010 ആഗസ്റ്റ് 2ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11,176 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.പദ്ധതിക്ക് നേതൃത്വം നല്‍കാന്‍ ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകള്‍ക്കൊപ്പം ഗതാഗത- വനം- എക്സൈസ്- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെയും പിന്തുണയുണ്ട്.

തിരഞ്ഞെടുത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനവും പരിശീലനത്തിന് അധ്യാപകരും ഉണ്ടാവും. ഈ അധ്യാപകരും പ്രത്യേക പരിശീലനം ലഭിച്ചവരാണ്. ഒരു സ്‌കൂളില്‍ നിന്ന് നാല്‍പതോളം കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കും. ഇതില്‍ എല്ലാ വിഭാഗത്തിലുള്ള കുട്ടികളും ഉള്‍പ്പെടും.

എസ് സി, എസ് ടി കുട്ടികളെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരാനുള്ള മാര്‍ഗം കൂടിയാണിത്. തിരഞ്ഞെടുത്ത സ്‌കൂളുകളുടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിച്ചത്.പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഉദ്ഘാടന ചടങ്ങിലെത്തി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് ഹൈസ്‌കൂള്‍ ഹെഡ് മിസ്ട്രസ് ലേഖ ഡേവിസിന് എം എല്‍ എ സേവിയര്‍ ചിറ്റിലപ്പിള്ളി കൈമാറി.

മലയാളികളുടെ അഭിമാനമായ മുന്‍ ഫുട്‌ബോള്‍ താരം സി.വി. പാപ്പച്ചന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു. സ്‌കൂളില്‍ സജ്ജീകരിച്ച എസ് പി സി ഓഫീസ് ഉദ്ഘാടനം ചെയ്തു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പുറ്റേക്കര സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്ററി യൂണിറ്റ് അനുവദിച്ചുകൊണ്ടുള്ള കേരള പൊലീസ് മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജയലത ടീച്ചര്‍ക്ക് എം എല്‍ എ കൈമാറി. സ്‌കൂളില്‍ സജ്ജീകരിച്ചിട്ടുള്ള എസ് പി സി ഓഫീസിന്റെ ഉദ്ഘാടനം പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ജോസഫ് നിര്‍വഹിച്ചു.