മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഗ്രാമവികസന വകുപ്പ് മുഖേനയുള്ള പി എം കെ എസ് വൈ പദ്ധതിയും സംയോജിതമായി നടത്തുന്ന കോഴിയും കോഴിക്കൂടും പദ്ധതിക്ക് കടവല്ലൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.പി എം കെ എസ് വൈ ഉൽപാദന സമ്പ്രദായ മെച്ചപ്പെടുത്തൽ പദ്ധതി പ്രകാരം 10 കോഴികളും തൊഴിലുറപ്പ് പദ്ധതി പ്രകാരം കോഴികൂടും ഗുണഭോക്താവിന് തികച്ചും സൗജന്യമായി ഇതിലൂടെ ലഭിക്കും.
കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ 100 ഗുണഭോക്താക്കളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയിൽ 28 കോഴിക്കൂടുകളാണ് പൂർത്തീകരിച്ചത്. 1200 രൂപ വിലമതിക്കുന്ന കോഴികളും 26000 രൂപ അടങ്കൽ തുക വരുന്ന കൂടുമാണ് ഗുണഭോക്താവിന് ലഭിക്കുക.
പദ്ധതിയുടെ ഉദ്ഘാടനം കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ എ ഉല്ലാസ്കുമാർ, ബ്ലോക്ക് ഡെവലപ്മന്റ് ഓഫീസർ വിനീത്, ഗ്രാമസേവകന്മാരായ സിനോജ്, നിഷ, ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർമാരായ ലിയോ, ശശിധരൻ, തൊഴിലുറപ്പ് പദ്ധതി എൻജിനീയർ ഹിമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.