ഡെങ്കിപനിക്ക് കാരണമാകുന്ന വൈറസിന്റെ അപകടകരമായ വകഭേദം ഡെന്‍വ് -2 കണ്ടെത്തിയ സാഹചര്യത്തില്‍ അതീവ ജാഗ്രതയ്ക്ക് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍ദ്ദേശം നല്‍കി. കോര്‍പറേഷന്‍, കിഴക്കന്‍ മേഖല, കരുനാഗപ്പള്ളിയും പരിസരവും എന്നിവടങ്ങളിലാണ് ഡെന്‍വ്-2 സാന്നിദ്ധ്യം. ഇവിടങ്ങളില്‍ കൊതുക് നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ പരമാവധി ശക്തമാക്കണം.

മഴക്കാല പൂര്‍വ ശുചീകരണത്തിന് നേരത്തെ തുടക്കമാകാം. വെള്ളം കെട്ടി നില്‍ക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം. ഉറവിട നശീകരണം ഊര്‍ജ്ജിതമാക്കണം. മരുന്ന്തളിയും പുകയ്ക്കലും വഴി കൊതുക് സാന്ദ്രത നിയന്ത്രിക്കാനാകും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ അനിവാര്യമാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ഹരിത കേരള- ശുചിത്വ മിഷനുകള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണം ഉറപ്പാക്കി ശുചീകരണ-പ്രതിരോധ നടപടികള്‍ കൈക്കൊള്ളണം.

കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സര്‍ക്കാര്‍ മേഖലയില്‍ 90 ശതമാനം കടന്ന് മികച്ച നിലയില്‍ പുരോഗമിക്കുന്നു. എന്നാല്‍ വിമുഖത കാട്ടുന്നവര്‍ക്ക് നല്‍കാന്‍ ശ്രമങ്ങള്‍ നടത്തണം. ബോധവത്കരണമാണ് ഇക്കാര്യത്തില്‍ പ്രധാനം. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് അധ്യാപക സമൂഹത്തിനുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം. പരമാവധി 10 ദിവസത്തിനകം ഇതിനുള്ള നടപടികള്‍ സ്വീകരിക്കണം.

ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണം. കോളജ് വിദ്യാര്‍ഥികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കണം. അലര്‍ജിയുള്ളവരെ പരിശോധിക്കാനും ക്യാമ്പുകള്‍ തുറക്കാം – കലക്ടര്‍ വ്യക്തമാക്കി. കോവിഡ് ചികിത്സ നല്‍കുന്ന ആശുപത്രികളിലെ സൗകര്യങ്ങളുടെ പരിശോധന തുടരുകയാണെന്ന് ഡി. എം. ഒ അറിയിച്ചു. കിടക്കകള്‍, ഐ. സി. യു, വെന്റിലേറ്റര്‍ എന്നിവയുടെ ലഭ്യത ഇതു വഴി ഉറപ്പാക്കുകയാണ്. തെറ്റായ വിവരം നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതിനെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് കലക്ടര്‍ പറഞ്ഞു.