വിവിധ വിദ്യാഭ്യാസ കാര്യാലയങ്ങൾ അടങ്ങിയ വിദ്യാഭ്യാസ ബൃഹത് സമുച്ചയം തൃശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് നിനക്കാനൊരുങ്ങുന്നു. നിലവിൽ
തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്താണ് പുതിയ സമുച്ചയം നിർമിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് സമുച്ചയ നിർമാണം ആരംഭിക്കുന്നത്.

നിലവിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസ് സ്ഥിതിചെയ്യുന്ന കോമ്പൗണ്ടിനകത്ത് തൃശൂർ ഈസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസ്, തൃശൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ്, ഡി എസ് എം എ എന്നീ ഓഫീസുകൾ കൂടാതെ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ സ്റ്റോറും സ്ഥിതിചെയ്യുന്നുണ്ട്.

തൃശൂർ ഈസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസ് ഇവിടെയാണ് സ്ഥിതി ചെയ്തിരുന്നതെങ്കിലും അപകടാവസ്ഥയിലായതിനെ തുടർന്ന് ഇപ്പോൾ ഇത് കലട്രേറ്റിനുള്ളിലാണ് പ്രവർത്തിക്കുന്നത്. നാലുമാസം മുമ്പ് ഈ കോമ്പൗണ്ടിനകത്തുളള ഉപജില്ല വിദ്യാഭ്യാസ ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗം കാറ്റിലും മഴയിലും ഇടിഞ്ഞു വീണിരുന്നു. നിലവിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടവും ജീർണാവസ്ഥയിലാണ്.

മുൻ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാറിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഈ കെട്ടിട സമുച്ചയത്തിന് ആവശ്യമായ ഫണ്ട് സർക്കാർ വകയിരുത്തിയത്. കെട്ടിടനിർമാണത്തിന് അഞ്ചുകോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. നാലു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, തൃശൂർ ഈസ്റ്റ് – വെസ്റ്റ് ഉപജില്ലാ ഓഫീസുകൾ, സമഗ്ര ശിക്ഷ കേരള ജില്ലാ ഓഫീസ്, കൈറ്റ് എന്നീ ഓഫീസുകൾക്ക് സൗകര്യമുണ്ടാകും.

സെല്ലാർ ഉൾപ്പടെ വിപുലമായ പാർക്കിംഗ് സംവിധാനമുള്ള കെട്ടിടത്തിൽ ലിഫ്റ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാകും. 500 പേർക്ക് ഇരിക്കാവുന്ന വലിയ ഹാൾ ഉൾപ്പെടെ രണ്ടു ഹാളുകളും ഉണ്ടാകും. പുതിയ സ്ഥാപന സമുച്ചയ നിർമാണത്തിന്റെ ഭാഗമായി നിലവിലുള്ള സ്ഥാപനങ്ങൾ തൊട്ടടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റും.

തൃശൂർ മോഡൽ ഹയർ സെക്കന്ററി സ്കൂളിലേക്കാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസ് മാറ്റുന്നത്. താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസും ഡി എസ് എം എ ഓഫീസും അവിടെതന്നെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കും. തകർന്നു വീഴാത്ത പഴയ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന്റെ ഒരു ഭാഗത്ത് സൂക്ഷിച്ചു വെച്ചിട്ടുള്ള ഫയലുകളും മറ്റും ഗവ മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലേക്ക് മാറ്റും.

ഫയലും അലമാരകളും മാറ്റുന്ന ജോലികൾ കഴിഞ്ഞദിവസം ആരംഭിച്ചു. പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ഈസ്റ്റ്‌ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി എം ബാലകൃഷ്ണൻ, ജില്ലാ വികസന സമിതി അംഗങ്ങളായ ജെയിംസ് പോൾ, ലിജോ ലൂയീസ്, ജയകൃഷ്ണൻ, സൂപ്രണ്ട് രാംകുമാർ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഒരു വർഷത്തിനുള്ളിൽ കെട്ടിട സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാകും. നിലവിൽ കലക്ടറേറ്റിൽ സ്ഥിതി ചെയ്യുന്ന തൃശൂർ ഈസ്റ്റ് ഉപജില്ലാ ഓഫീസ് അവിടെ നിന്നും മാറ്റണമെന്ന് ജില്ലാ കലക്ടറുടെ നിർദേശം നിലവിലുണ്ട്. ഇപ്പോൾ ഒളരി ഗവ യു പി സ്കൂളിൽ സ്ഥിതി ചെയ്യുന്ന, തൃശൂർ വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസും ജീർണാവസ്ഥയിലാണ് സ്ഥിതിചെയ്യുന്നത്. സ്ഥാപന സമുച്ചയം വരുന്നതോടെ ഈ രണ്ടു ഓഫീസുകളുടെയും പ്രശ്നങ്ങൾക്ക് പരിഹാരമാകും.

വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് സമ്പൂർണ ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറിയെങ്കിലും മറ്റു സൗകര്യങ്ങളുടെ അപര്യാപ്തതയും ഓഫീസ് പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായാണ് കെട്ടിട സമുച്ചയം വരുന്നതെന്ന് തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ അറിയിച്ചു.