മലപ്പുറം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യതൊഴിലാളികള്‍ക്കും അനുബന്ധത്തൊഴിലാളികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പ്രത്യേക കോവിഡ് ധനസഹായമായ 1,000 രൂപ ഇതുവരെ ലഭിക്കാത്തവര്‍ സെപ്തംബര്‍ 25നകം ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ ഹാജരായി ഫിംസ് സോഫ്റ്റ്‌വെയറില്‍ പേര് ഉള്‍പ്പെടുത്തണം. ഓരോ ഗുണഭോക്താക്കള്‍ക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.

ബാങ്ക് ലയനംമൂലം മാറ്റം വന്നിട്ടുള്ള ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്. കോഡ് വിശദാംശങ്ങള്‍ സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഗുണഭോക്താക്കള്‍ നടപടി സ്വീകരിക്കണം. 1,000 രൂപ ധനസഹായം ലഭിച്ച ഗുണഭോക്താക്കള്‍ മത്സ്യഭവന്‍ ഓഫീസില്‍ ഹാജരാകേണ്ടതില്ല. മലപ്പുറം ജില്ലയില്‍ മത്സ്യതൊഴിലാളികള്‍ക്കും അനുബന്ധത്തൊഴിലാളികള്‍ക്കും അനുവദിച്ച ധനസഹായം ഇതിനകം 25,450 പേര്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്ന് റീജിനല്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു.