വിനോദസഞ്ചാര മേഖലയില്‍ നെയ്യാറ്റിന്‍കരയുടെ പ്രാധാന്യം കണക്കിലെടുത്ത് നടത്തുന്ന പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി ചെങ്കല്‍ വലിയ കുളം നവീകരിക്കുന്നു. പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് കുളം നവീകരിക്കുന്നത്. ചെങ്കല്‍ വലിയ കുളം നവീകരണത്തിന്റെ ഉദ്ഘാടനം കെ ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു.

വള്ളം കളി തുടങ്ങിയ ജല വിനോദങ്ങള്‍ കാണുന്നതിനായി കുളത്തിന്റെ തെക്ക് ഭാഗത്തായി 110 മീറ്റര്‍ നീളത്തില്‍ സ്റ്റോണ്‍ ടൈല്‍ പാകിയതും ഹാന്‍ഡ് റെയില്‍ ഉള്ളതുമായ ഗാലറി, ഗാലറിയില്‍ 10 മീറ്റര്‍ നീളത്തില്‍ മേല്‍ക്കൂര, തെക്കുഭാഗത്ത് 225 മീറ്റര്‍ നീളത്തില്‍ ടൈല്‍ പതിപ്പിച്ച നടപ്പാത, സ്റ്റീല്‍ ഹാന്‍ഡ് റെയില്‍, വിളക്കുകള്‍, കുളത്തിന്റെ എല്ലാ വശങ്ങളിലും പടിക്കെട്ട്, ഗ്രാനൈറ്റ് പതിപ്പിച്ച ഇരിപ്പിടങ്ങള്‍, കുളത്തിലേക്ക് ജലം ഒഴുകിയെത്തുന്ന രണ്ടു തോടുകളും ഗേറ്റ് നിര്‍മ്മിച്ച് നിയന്ത്രണ സംവിധാനം, കന്നു കാലികള്‍ക്ക് ഇറങ്ങുന്നതിന് വേണ്ടി പ്രത്യേകതരത്തിലുള്ള ചരിഞ്ഞ പാത, അലങ്കാര ചെടികള്‍ വളര്‍ത്താനുള്ള പ്രത്യേക പൂത്തൊട്ടികള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയാണ് നവീകരണ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഉദ്ഘാടനച്ചടങ്ങില്‍ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ് കെ ബെന്‍ ഡാര്‍വിന്‍, ചെങ്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഗിരിജ, ജില്ലാ പഞ്ചായത്തംഗം സൂര്യ എസ് പ്രേം, ബ്ലോക്ക് പഞ്ചായത്തംഗം ജെ. ജോജി, വാര്‍ഡ് മെമ്പര്‍ എ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു