ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ എഴുമാന്തുരുത്തില്‍ ടൂര്‍ പാക്കേജുകള്‍ ആരംഭിച്ചു. എഴുമാന്തുരുത്ത് ടൂറിസം ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള ശിക്കാര വള്ളത്തിൽ കാന്താരി കടവില്‍ നിന്ന് തുടങ്ങി കരിയാറിലൂടെയുള്ള യാത്രയും തനതു നാടന്‍ കലാരൂപങ്ങളും നാടന്‍ ഭക്ഷണവും പരിചയ പെടുത്തുന്ന രീതിയിലാണ് ടൂറിസം പാക്കേജ് വിഭാവനം ചെയ്തിട്ടുള്ളത്.

എഴുമാന്തുരുത്ത്, മുണ്ടാര്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച്  ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ടൂറിസം വില്ലേജുകളില്‍ സഞ്ചാരികളെ എത്തിക്കും. തനത് കലാരൂപങ്ങളുടെ അവതരണം കാണുന്നതിനും വീടുകളിൽ തയ്യാറാക്കിയ രുചിയൂറും നടൻ ഭക്ഷണം കഴിക്കുന്നതിനു മുള്ള ക്രമീകരണങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. സ്വന്തമായി പാകം ചെയ്യാനും ഇവിടെ സൗകര്യമെരുക്കിയിട്ടുണ്ട്.

പരമ്പരാഗത കൈത്തൊഴിലുകളായ കയര്‍ പിരിക്കല്‍, പായ നെയ്ത്ത്, കുട്ട നെയ്ത്ത്, ഓല മെടയല്‍, മീന്‍പിടുത്തം, വലയെറിയല്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. സഞ്ചാരികള്‍ക്ക് അതില്‍ പങ്കാളികളാകാനും ഗ്രാമീണ ജീവിതം അടുത്തറിയാനും സാധിക്കും. ശിക്കാരവള്ളത്തിന്റെ ആദ്യ യാത്രയുടെ ഉദ്ഘാടനവും ഫ്‌ലാഗ് ഓഫും കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു നിര്‍വ്വഹിച്ചു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.

പഞ്ചായത്തംഗം നോബി മുണ്ടക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സി ബി പ്രമോദ്, സ്ഥിരം സമിതി അധ്യക്ഷരായ ജിന്‍സി എലിസബത്ത്, ശാന്തമ്മ രമേശന്‍, കെ എസ് സുമേഷ്, ഗ്രാമപഞ്ചായത്തംഗങ്ങൾ
ടൂറിസം പാക്കേജ് യൂണിറ്റ് പ്രതിനിധി വി.എസ്. അനില്‍ പ്രസാദ്, , എഴുമാന്തുരുത്ത് ടൂറിസം ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.