വിഷരഹിത പച്ചക്കറികളും പഴവര്‍ഗങ്ങളും ലഭ്യമാക്കുന്നതിന് കുടുംബശ്രീ സംസ്ഥാന മിഷന്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വാര്‍ഡ്തല കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ ഒരുക്കുന്നു. ജില്ലാതല ഉദ്ഘാടനം നാളെ വൈകിട്ട് 4.30ന് എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുമാലാല്‍ മുഖ്യാതിഥിയും.

വിഷമുക്ത പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ 10 ലക്ഷത്തോളം കുടുംബങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യം. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഓരോ വാര്‍ഡില്‍ നിന്നും കുറഞ്ഞത് മൂന്ന് സെന്റില്‍ കൃഷി ചെയ്യാന്‍ താല്പര്യമുള്ള 50 കുടുംബങ്ങളെ വീതമാണ് തിരഞ്ഞെടുക്കുന്നത്. വാര്‍ഡ്തല പരിശീലനത്തോടൊപ്പം അഞ്ച് ഇനം പച്ചക്കറി വിത്തുകളും സൗജന്യമായി നല്‍കും. കുടുംബശ്രീ സി.ഡി.എസുകളില്‍ രജിസ്റ്റര്‍ ചെയ്ത 50 പേരെ വീതം ഓരോ ക്ലസ്റ്ററുകളാക്കി ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ നാട്ടുചന്തകള്‍ വഴി വിപണനം നടത്താനുള്ള സൗകര്യവുമൊരുക്കും എന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ വി. ആര്‍. അജു അറിയിച്ചു.