‘കാഷ്’ നിലവാരത്തിലെത്തുന്ന സംസ്ഥാനത്തെ ആദ്യ ഹോമിയോ ആശുപത്രി

കാസർഗോഡ്: കേരള അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഫോര്‍ ഹോസ്പിറ്റല്‍ (കാഷ് ) നിലവാരത്തിലെത്തുന്ന സംസ്ഥാനത്തെ ആദ്യ ഹോമിയോ ആശുപത്രിയായി ചിറ്റാരിക്കാല്‍ ഹോമിയോ മാതൃകാ ഡിസ്പന്‍സറി. ഹോമിയോ ആശുപത്രികളില്‍ ഗുണമേന്മയേറിയ സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ ‘കാഷ്’ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഇതിനായി രോഗീ സൗഹൃദമായ ആശുപത്രി കെട്ടിടത്തിന്റെ കെട്ടിലും മട്ടിലും ഒട്ടേറെ മാറ്റങ്ങളാണ് നടത്തിയത്.

രോഗികള്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടം, ടോക്കണ്‍ സിസ്റ്റം, കുടിവെള്ളം, ഭിന്നശേഷിക്കാരായ ആളുകള്‍ക്കായി പ്രത്യേക ശൗചാലയം എന്നിവ പഞ്ചായത്ത് വക പുതുതായി ഒരുക്കിയിരുന്നു. സോളാര്‍ സൗകര്യം ഒരുക്കിയതോടെ ചിറ്റാരിക്കാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ മികച്ചതായി.

ചിറ്റാരിക്കാല്‍ ഹോമിയോ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് അറിവ് നല്‍കുന്നതിനാവശ്യമായ ദിശാ സൂചകങ്ങളും പരാതി/നിര്‍ദേശ പെട്ടിയും സ്ഥാപിച്ചിട്ടുണ്ട്. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ എല്ലാം ഡോക്യുമെന്റ് ചെയ്ത് കൃത്യമായ ഇടവേളകളില്‍ ആവശ്യമായ മാറ്റം വരുത്തി നൂറില്‍ നൂറുമാര്‍ക്ക് നേടിയാണ് ആശുപത്രി കാഷ് അക്രഡിറ്റേഷന്‍ കരസ്ഥമാക്കിയത്.

ഡിസ്‌പെന്‍സറിക്ക് 2019-20 വര്‍ഷം ലഭിച്ച അംഗീകാരത്തിന്റെ പ്രഖ്യാപനം സെപ്റ്റംബര്‍ 25 ന് ഉച്ചയ്ക്ക് രണ്ടിന് ഓണ്‍ലൈനായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. ഡിസ്പെന്‍സറി അങ്കണത്തില്‍ നടക്കുന്ന പരിപാടി എം രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കല്‍ അധ്യക്ഷനാകും.
ജില്ലയില്‍ നിന്നും സംസ്ഥാനത്ത് നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തില്‍ മൂന്ന് തവണയായി നടന്ന മൂല്യ നിര്‍ണയത്തിന് ശേഷമാണ് ചിറ്റാരിക്കാല്‍ ആശുപത്രിയ്ക്ക് പുരസ്‌കാരം ലഭിച്ചത്.

മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. കെ. ശോഭ, ഡോ. കെ.പി രാജേഷ് കുമാര്‍, ഫാര്‍മസിസ്റ്റ് കെ. സഫ്‌ന, അറ്റന്‍ഡര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനവും ഡി.എം.ഒ (ഹോമിയോ) ഡോ. ഐ.ആര്‍ അശോക് കുമാര്‍, നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.സി. അജിത്ത് എന്നിവരുടെ നിര്‍ദേശവും അംഗീകര നിറവിലേക്ക് സ്ഥാപനത്തെ എത്തിച്ചു.

ജില്ലയിലെ നാല് മാതൃകാ ഹോമിയോ ഡിസ്പെന്‍സറികളെകൂടി അടുത്ത ഘട്ടത്തില്‍ കാഷ് നിലവാരത്തിലേക്കെത്തിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഡി.എം.ഒ (ഹോമിയോ) പറഞ്ഞു. കാഷ് അംഗീകാരം നേടുന്ന ആയുഷിലെ ആദ്യ സ്ഥാപനം കൂടിയാണ് ചിറ്റാരിക്കാല്‍ ഹോമിയോ ആശുപത്രി. നിലവില്‍ മൂന്ന് ഹോമിയോ, മൂന്ന് ആയുര്‍വ്വേദം ഡിസ്‌പെന്‍സറികളാണ് സംസ്ഥാനത്ത് കാഷ് നിലവാരത്തിലെത്തിയത്.