പാലക്കാട്‌: സ്മാൾ ഹൈഡ്രോ ഇലക്ട്രിക് കമ്പനിയുടെ 22-മത് വാർഷിക ജനറൽ ബോഡിയോഗം മാനേജിംഗ് ഡയറക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ. ബിനു മോളിന്റെ അധ്യക്ഷതയിൽ ചേർന്നു. കെ. ശാന്തകുമാരി എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.
മീൻവല്ലം, പാലക്കുഴി ജലവൈദ്യുത പദ്ധതികൾ, മീൻവല്ലം ടെയിൽ റൈസ് മൈക്രോ പദ്ധതി പുരോഗതി സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. 4.5 മെഗാവാട്ട് പ്രവർത്തനശേഷിയും 10.5 ദശലക്ഷം വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള കൂടം ജലവൈദ്യുത പദ്ധതിയുടെ ഡി.പി.ആർ. പുനരാവിഷ്കരിക്കാൻ കെ.എസ്.ഇ.ബി ലിമിറ്റഡിനെ ഏൽപ്പിച്ചതായി കെ. ബിനുമോൾ അറിയിച്ചു.
മീൻവല്ലം പദ്ധതിയിലേക്കുള്ള പാലത്തിന് ആവശ്യമുള്ള സ്ഥലം വനം വകുപ്പിൽ നിന്നും ലഭ്യമായ മുറയ്ക്ക് ആവശ്യമായ തുക എം.എൽ.എ ഫണ്ടിൽ നിന്നും വരുത്താമെന്ന് കെ. ശാന്തകുമാരി എം. എൽ. എ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജനറൽബോഡി യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം രാമൻകുട്ടി, ചീഫ് എൻജിനീയർ എൻ. പത്മരാജൻ, കമ്പനി സെക്രട്ടറി സി എസ് അനഘ ലക്ഷ്മി എന്നിവർ സംസാരിച്ചു.