ഏഴു മാസത്തിനിടെ നേടിയത് 2.04 കോടി രൂപയുടെ വിറ്റുവരവ്

മലപ്പുറം :കുടുംബശ്രീ ജില്ലാമിഷനു കീഴില്‍ 82 തുണി സഞ്ചി നിര്‍മാണ യൂണിറ്റുകളെ ചേര്‍ത്ത് രൂപീകരിച്ച കണ്‍സോര്‍ഷ്യം ഏഴു മാസത്തിനുള്ളില്‍ നേടിയത് 2.04 കോടി രൂപയുടെ വിറ്റുവരവ്. സപ്ലൈകോയുടെയുടെയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെയും നാല് പ്രധാന ഓര്‍ഡറുകളിലൂടെ 13,30,750 തുണി സഞ്ചികള്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്താണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ മികച്ച നേട്ടം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ യൂണിറ്റുകളിലൂടെ രണ്ട് ലക്ഷത്തില്‍പ്പരം മാസ്‌കുകളും തയ്യാറാക്കി ഈ കുടുംബശ്രീ കൂട്ടായ്മ വില്‍പ്പന നടത്തിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ തുണി സഞ്ചി നിര്‍മാണ യൂണിറ്റുകളുള്ള സംഘടനയായി മാറാനും തുണികടകള്‍, സ്വര്‍ണ കടകള്‍, പലചരക്ക് കടകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വിതരണം ചെയ്തു വരുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരം തുണി സഞ്ചികള്‍ നിര്‍മിച്ചു നല്‍കാനും ലക്ഷ്യമിട്ടാണ് കണ്‍സോര്‍ഷ്യത്തിന്റെ പ്രവര്‍ത്തനം.
വിവിധ സ്ഥാപനങ്ങള്‍ക്ക് യൂണിഫോമുകള്‍ തയ്യാറാക്കി നല്‍കാനും വെയ്സ്റ്റ് തുണികള്‍ കൊണ്ട് ബാഗുകള്‍, ചവിട്ടികള്‍, ചെരുപ്പുകള്‍, പേപ്പര്‍ സഞ്ചികള്‍ എന്നിവ നിര്‍മിക്കാനും ഇവര്‍ ലക്ഷ്യമിടുന്നു. 15 ബ്ലോക്കുകളിലായി കണ്‍സോര്‍ഷ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് 15 പ്രതിനിധികളും അഞ്ച് ഭാരവാഹികളുമാണ്. പ്രസിഡന്റ് ശോഭനയും സെക്രട്ടറി ജാസ്മിനുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. 82 യൂണിറ്റുകളില്‍ നിന്നായി ആയിരത്തില്‍പരം കുടുംബശ്രീ അംഗങ്ങളാണ് സംഘടനയിലുള്ളത്. സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം റെയിന്‍ബോ ക്ലോത്ത് ബാഗ് യൂണിറ്റ്സ് സൊസൈറ്റീസ് ഓഫ് കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് മലപ്പുറം എന്ന പേരില്‍ സംഘടന രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജി.എസ്.ടി എടുക്കുന്നതിനായി അപേക്ഷയും നല്‍കി. ഈ വര്‍ഷം ഫെബ്രുവരി ആറിനാണ് കണ്‍സോര്‍ഷ്യത്തിന്റെ ആദ്യ യോഗം മലപ്പുറത്ത് ചേര്‍ന്നത്.