വയനാട്‌: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സജ്ജീകരിച്ച സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ ഉദ്ഘാടനം സംസ്ഥാന മൃഗ സംരക്ഷണ -ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്തിന് തന്നെ മാതൃകപരമായ പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു. മൃഗ സംരക്ഷണ മേഖലയില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കാന്‍ പദ്ധതി സഹായകമാവുമെന്നും അവര്‍ വ്യക്തമാക്കി.

ഇരുപത് ലക്ഷത്തി അമ്പത്തിനായിരം രൂപ ചെലവിട്ടാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ വെറ്ററിനറി ആശുപത്രികളെയും, ഇരുപത്തൊന്ന് ക്ഷീര സംഘങ്ങളെയും കോര്‍ത്തിണക്കി ഒരു പ്രവര്‍ത്തന കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് മൊബൈല്‍ വെറ്ററിനറി സര്‍വീസ് പ്രവര്‍ത്തിക്കുക. വെറ്ററിനറി സര്‍ജന്‍, അറ്റന്‍ഡര്‍ കം ഡ്രൈവര്‍, ആവശ്യ മരുന്നുകള്‍ എന്നിവ വാഹനത്തിലുണ്ടാകും. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ സേവന സന്നദ്ധമായി വാഹനം സഞ്ചരിക്കും.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ. വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. വി. വിജോള്‍, എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്. ബി. പ്രദീപ് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്സി ഷാജു, ബ്ലോക്ക് ക്ഷീര വികസന വികസന ഓഫീസര്‍ വി. കെ. നിഷാദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. കെ. ജയന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വെറ്ററിനറി സര്‍ജന്‍ എസ്. ദയാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.