വയനാട്: പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ കോവിഡാനന്തര ചികില്‍സാ സൗകര്യം ഒരുക്കുന്നതിനായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍ തങ്ങളുടെ സി എസ് ആര്‍ ഫണ്ടില്‍ നിന്ന് ഏഴു ലക്ഷം രൂപ അനുവദിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ ഡയറക്ടര്‍ കെ.വി.പ്രദീപ് കുമാര്‍ ആദ്യ ഗഡുവായ 3.50 ലക്ഷം രൂപ ജില്ലാ കളക്ടര്‍ എ. ഗീതയ്ക്ക് കൈമാറി. കോര്‍പറേഷന്‍ വെയര്‍ഹൗസ് മാനേജര്‍മാരായ ദീപക് ബി വര്‍മ്മ, കെ.അനിതകുമാരി, സി. സൂര്യ ശേഖര്‍, കണ്‍സട്ടന്റ് ബി. ഉദയഭാനു, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.പി സുധീഷ്, റിസര്‍ച്ച് ഓഫീസര്‍ ഹസീജ റഹ്മാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
