പത്തനംതിട്ട: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ബി ദി വാരിയര്‍, വാക്സിനേഷന്‍ കാമ്പയ്ന്‍ എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് ഇക്കാര്യം കളക്ടര്‍ പറഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റുമാരെ പങ്കെടുപ്പിച്ച് ജില്ലാതല യോഗം ചേരും. വാക്സിന്‍ സ്വീകരിക്കാത്തവരെ കണ്ടെത്തുന്നതിനായാണ് യോഗം ചേരുക. ജില്ലയില്‍ എല്ലായിടത്തും വാക്സിനേഷന്റെ പ്രാധാന്യത്തെ പറ്റിയും സ്‌കൂള്‍ തുറക്കുന്നതിനായുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്യത്തില്‍ പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കണം. സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പ്രവര്‍ത്തനം കാര്യക്ഷമമെന്ന് ഉറപ്പുവരുത്തണം. രണ്ടു വര്‍ഷമായി തുടര്‍ന്നുവരുന്ന ആനിക്കാട് ഗ്രാമപഞ്ചായത്തിലെ സി.എഫ്.എല്‍.ടി.സിയുടെ നടത്തിപ്പ് ചിലവുകളില്‍ ത്രിതല പഞ്ചായത്തുകളുടെ സഹായം ആവശ്യമാണ്. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കണം. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ പട്ടിക പുനഃപരിശോധിച്ച് ജില്ലാതലത്തില്‍ നിന്നും ഫണ്ട് നലകുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്നതനുസരിച്ച് തീരുമാനമെടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ പോലീസ് മേധാവി എസ്.നിശാന്തിനി, എഡിഎം അലക്‌സ് പി തോമസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍.എച്ച്.എം ഡി.പി.എം ഡോ. ശ്രീകുമാര്‍, ഡിഡിപി കെ.ആര്‍ സുമേഷ്, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
