പാലക്കാട്‌: പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മേലെമുട്ടിചിറ കുളം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിച്ചു. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ മണ്ണ് പര്യവേഷണ- മണ്ണ് സംരക്ഷണ വകുപ്പ് ആര്‍ ഐ ഡി എഫ് XX ല്‍ ‘വരള്‍ച്ച നിവാരണം കുളങ്ങളുടെ പുനരുദ്ധാരണം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. പരിപാടിയില്‍ പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ് അധ്യക്ഷനായി.

മാര്‍ച്ച് രണ്ടിനാണ് മേലെമുട്ടിച്ചിറ കുളം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആലത്തൂര്‍ മണ്ണ് സംരക്ഷണ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ചത്. അടിഞ്ഞ ചെളി നീക്കം ചെയ്ത് കുളത്തിന്റെ ആഴം കൂട്ടി, വശങ്ങളില്‍ കരിങ്കല്‍ പാര്‍ശ്വഭിത്തിയും ആവശ്യമായ സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തിയും നിര്‍മ്മിച്ചു. കുളത്തിലേക്ക് വെള്ളം എത്തിക്കുന്നതിന് ലീഡിംഗ് ചാനലും കാര്‍ഷികാവശ്യത്തിനായി വെള്ളം കൊണ്ടുപോകുന്നതിന് രണ്ട് വാല്‍വ് ചേമ്പറും അധികം വരുന്ന വെള്ളം വാര്‍ന്നു പോകുന്നതിന് അകമ്പാട് തോട്ടിലേക്ക് ഒരു ഓവര്‍ഫ്‌ളോ പൈപ്പും ജനങ്ങള്‍ക്ക് കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഒരു പടവും, ഒരു റാമ്പും നിര്‍മ്മിച്ചിട്ടുണ്ട്. 48,24,000 രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. കുളം നവീകരണത്തിലൂടെ ഏകദേശം 104.21 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കപ്പെടുന്നതിനും കൂടാതെ വേനല്‍ക്കാലത്ത് മേലേമുട്ടിച്ചിറ കനാലില്‍ നിന്നുള്ള ജലം സംഭരിക്കാനും, സംഭരിക്കപ്പെടുന്ന ജലം 200 ഏക്കര്‍ കൃഷിക്കായി (നെല്ല്, തെങ്ങ്, വാഴ, പച്ചക്കറികള്‍ മുതലായവ) ഉപയോഗിക്കാനും സാധിക്കും. സമീപ പ്രദേശത്തുള്ള ആറോളം കുടുംബങ്ങളുടെ കിണറുകളിലെ ഭൂഗര്‍ഭ ജലവിതാനം വര്‍ദ്ധിപ്പിക്കുക വഴി വേനലിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും പദ്ധതി സഹായകമാകും.

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാധുരി പത്മനാഭന്‍, കൊല്ലങ്കോട് ബ്ലോക്ക് അംഗം സി.മധു, കൊല്ലങ്കോട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍.എം, പട്ടഞ്ചേരി വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഭുവനദാസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുകന്യ രാധാകൃഷ്ണന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈലജ പ്രദീപ്, വാര്‍ഡ് അംഗങ്ങളായ എം.അനന്തകൃഷ്ണന്‍, ജി സതീഷ്, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍.ചന്ദ്രിക, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, ആലത്തൂര്‍ മണ്ണ് സംരക്ഷണ ഓഫീസര്‍ വി.ജയകുമാര്‍, ഓവര്‍സിയര്‍ എ.വിശ്വനാഥന്‍, കൃഷി ഓഫീസര്‍ ശ്രീതു പ്രേമന്‍, ഗുണഭോക്തൃ കമ്മിറ്റി കണ്‍വീനര്‍ കെ.സുന്ദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.