ജില്ലയിൽ 11 വകുപ്പുകൾ സംസ്ഥാന ആവിഷ്‌കൃത പദ്ധതികൾക്കായി പ്ലാൻ ഫണ്ടിലൂടെ ലഭിച്ച 100 ശതമാനം തുകയും ചെലവഴിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ഓൺലൈനായി നടന്ന ജില്ലാ വികസന സമിതിയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ. പൊതുമരാമത്ത് കെട്ടിടം-റോഡ് വിഭാഗങ്ങൾ, കേരള ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ, കേരള ജല അതോറിറ്റി കോട്ടയം, കടുത്തുരുത്തി, തിരുവല്ല പി.എച്ച്. ഡിവിഷനുകൾ, ലേബർ ഓഫീസ്, മേജർ ഇറിഗേഷൻ, ടൗൺ പ്ലാനിങ്, കയർ പ്രോജക്ട് ഓഫീസ്, ഖാദി-വില്ലേജ് ഇൻഡസ്ട്രീസ് എന്നീ വകുപ്പുകളാണ് സെപ്റ്റംബറിനുള്ളിൽ തന്നെ അനുവദിച്ച മുഴുവൻ തുകയും ചെലവഴിച്ചത്.

49 വകുപ്പുകളുടെ 233 സംസ്ഥാനാവൃഷ്‌കൃത പദ്ധതികൾക്കായി 170.56 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 98.99 കോടി രൂപ ചെലവഴിച്ചതായി യോഗം വിലയിരുത്തി. അനുവദിച്ച ഫണ്ടിന്റെ 57.99 ശതമാനം ചെലവഴിച്ചു.

കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കായി അനുവദിച്ച 5.17 കോടി രൂപയിൽ 3.78 കോടി രൂപ ചെലവഴിച്ചു. നാലു വകുപ്പുകളുടെ നാലു പദ്ധതികൾക്കായി അനുവദിച്ച ഫണ്ടിന്റെ 73.14 ശതമാനവും ചെലവഴിച്ചു.

14 വകുപ്പുകളുടെ 44 മറ്റു കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കായി അനുവദിച്ച 137.58 കോടി രൂപയിൽ 129.14 കോടി രൂപ ചെലവഴിച്ചു. ഫിഷറീസ്, ദാരിദ്ര്യലഘൂകരണ യൂണിറ്റ്, ജല അതോറിറ്റി കടുത്തുരുത്തി പി.എച്ച്. ഡിവിഷൻ, കെ.എസ്.ഡി.സി.(എസ്.സി/എസ്.ടി. ലിമിറ്റഡ്) എന്നീ വകുപ്പുകൾ നൂറു ശതമാനം തുകയും ചെലവഴിച്ചു. മറ്റു കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കായി അനുവദിച്ച തുകയിൽ 93.68 ശതമാനവും സെപ്റ്റംബറിനുള്ളിൽ തന്നെ ചെലവഴിക്കാനായതായി യോഗം വിലയിരുത്തി.

വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികൾ, എം.പി. ലാഡ് ഫണ്ട്, എം.എൽ.എ. എസ്.ഡി.എഫ്./എ.ഡി.എഫ് പദ്ധതികൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വിനിയോഗം എന്നിവയുടെ പുരോഗതിയും യോഗം വിലയിരുത്തി.

കാഞ്ഞിരപ്പള്ളി ബൈപ്പാസിനായുള്ള സ്ഥലം ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തീകരിക്കാനും കെട്ടിടങ്ങളുടെ വാല്യുവേഷൻ എടുക്കാനും നടപടി സ്വീകരിക്കണമെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആവശ്യപ്പെട്ടു. കിഫ്ബിയിൽ ഉൾപ്പെടുത്തി 66 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബൈപ്പാസിനായുള്ള സ്ഥലമേറ്റെടുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടി സ്വീകരിച്ചതായി ഡെപ്യൂട്ടി കളക്ടർ (എൽ.എ.) അറിയിച്ചു. ഡിസംബർ 31നകം ഭൂമി കൈമാറാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടങ്ങളുടെ വാല്യുവേഷൻ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് പൊതുമരാമത്ത് കെട്ടിടവിഭാഗത്തെ ചുമതലപ്പെടുത്തി. കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ സാമൂഹികാഘാത പഠന റിപ്പോർട്ട് ലഭിച്ചതായി ജല അതോറിറ്റി പ്രോജക്ട് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

വനാതിർത്തികളിൽ കാട്ടാനശല്യം രൂക്ഷമാണെന്നും സൗരോർജ്ജവേലികളുടെ തൂണുകൾ തകർക്കുന്നതിനാൽ ഇവ വേണ്ട രീതിയിൽ പരിപാലിക്കുന്നതിന് നടപടി വേണമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ആവശ്യപ്പെട്ടു. മാങ്ങാപേട്ട-504 ഭാഗത്ത് 3.5 കിലോമീറ്റർ ദൂരത്തിൽ സൗരോർജ്ജവേലി നിർമിക്കുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് സൗരോർജ്ജ വേലിയില്ലാത്ത സ്ഥലങ്ങളിൽ ഇവ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം-കുമരകം അടക്കം വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ആവശ്യപ്പെട്ടു.
കോരുത്തോട് കൊമ്പുകുത്തി പട്ടികവർഗ സങ്കേതത്തിൽ അബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിതി കേന്ദ്രം വഴി 19.65 ലക്ഷം രൂപയുടെ പ്രവർത്തികൾ പൂർത്തീകരിച്ചതായി ഐ.റ്റി.ഡി.പി. പ്രോജക്ട് ഓഫീസർ അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ കാർഷിക ഇൻഷുറൻസ് പദ്ധതി ജില്ലയിൽ ഫലപ്രദമായി നടപ്പാക്കണമെന്ന് തോമസ് ചാഴിക്കാടൻ എം.പി.യുടെ പ്രതിനിധി അഡ്വ. സിബി വെട്ടൂർ ആവശ്യപ്പെട്ടു.

ജനങ്ങൾക്ക് സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കാൻ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. കോവിഡ് വാക്‌സിനേഷന്റെ ഒന്നാം ഡോസ് എല്ലാവർക്കും ലഭ്യമാക്കാനുള്ള നടപടി ഊർജ്ജിതമായി നടക്കുകയാണ്. വാക്‌സിനേഷൻ പൂർത്തീകരിക്കാൻ ജനപ്രതിനിധികളുടെ ഇടപെടലും സഹായവും വേണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സെബാസ്റ്റിയൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.