ഇടുക്കി മെഡിക്കല്‍ കോളേജിന്റെ പുരോഗതി വിലയിരുത്തുന്നതിനും ജില്ലയിലെ വിവിധ ആരോഗ്യപദ്ധതികളുടെ അവലോകനവും പുരോഗതിയും വിലയിരുത്തുന്നതിനായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ്മന്ത്രി വീണജോര്‍ജ് ഞായറാഴ്ച ജില്ലയില്‍ സന്ദര്‍ശനം നടത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ എം.ബി.ബി.എസ് പ്രവേശനത്തിനുള്ള നടപടികളും ആശുപത്രിയുടെ പ്രവര്‍ത്തനവും പുതിയ ഐ.പി ബ്ലോക്കിന്റെ നിര്‍മ്മാണ പുരോഗതിയും ഉച്ചകഴിഞ്ഞ് 2 മണിക്ക് ആശുപത്രി സന്ദര്‍ശിച്ച് അവലോകന യോഗം ചേരും.

തുടര്‍ന്ന് 3 മണിക്ക് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനം, വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിഎന്നിവ വിലയിരുത്തും. യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍, എം.പി, എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍, ജനപ്രതിനിധികള്‍, ഡി.എം.ഒ, മെഡിക്കല്‍ കോളേജ് ഉദ്യോഗസ്ഥര്‍,ഡി.പി.എം, ആരോഗ്യവകുപ്പിലെയും ആരോഗ്യ കേരളത്തിലെയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.