ആലപ്പുഴ-ചങ്ങനാശേരി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കു മുന്‍പ് പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. കളക്ടറേറ്റില്‍ പദ്ധതിയുടെ നിര്‍വഹണ പുരോഗതി അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരാര്‍ പ്രകാരം 2023 ജൂണിലാണ് നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടത്. നിലവിലെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ച മന്ത്രി 2022 ഡിസംബര്‍ 31ന് മുന്‍പ് പൂര്‍ത്തീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ തീരുമാനിച്ചിരിക്കുന്ന അഞ്ച് എലിവേറ്റഡ് പാതകള്‍ക്ക് പുറമേ രണ്ടെണ്ണം കൂടി നിര്‍മിക്കും. എം.എല്‍.എ.മാരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് പുതുക്കിയ ഡിസൈനും എസ്റ്റിമേറ്റും ഒക്ടോബര്‍ പത്തിനുള്ളില്‍  കെ.എസ്.ടി.പി സമര്‍പ്പിക്കണം.

പുതുമകളുള്ള വലിയ പദ്ധതി എന്ന നിലയില്‍ ഏറെ പ്രാധാന്യത്തോടെയാണ് പൊതുമരാമത്ത് വകുപ്പ് എ.സി റോഡിനെ പരിഗണിക്കുന്നത്.  ഓരോ മാസത്തെയും ടാര്‍ഗറ്റ് നിര്‍ണയിച്ച് അതിന് അനുസരിച്ച് പ്രവൃത്തികള്‍ നടപ്പിലാക്കും.  എല്ലാ മാസവും പദ്ധതി മേഖലയിലെ എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ അവലോകന യോഗം നടത്തും. മൂന്നു മാസത്തില്‍ ഒരിക്കല്‍ വകുപ്പ് മന്ത്രി പങ്കെടുക്കുന്ന അവലോകന യോഗമുണ്ടാകും.

ജില്ലാ വികസന കമ്മീഷണറെ പദ്ധതിയുടെ നോഡല്‍ ഓഫീസറായി നിയോഗിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. പദ്ധതിയുമായി ബന്ധപ്പെട്ട് യാത്രയ്ക്ക് നേരിടുന്ന അസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും  ഗതാഗതം തിരിച്ചുവിടുന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഗതാഗതത നിയന്ത്രണം, സ്ഥലമേറ്റെടുപ്പ് എന്നീ വിഷയങ്ങളില്‍ എം.എല്‍.എ.മാരുടെ നേതൃത്വത്തില്‍ നടന്ന ഇടപെടലുകള്‍ മാതൃകാപരമാണ്. തുടര്‍ന്നും ജനപ്രതിനിധികളുടെ സഹകരണത്തോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണം. പൊതുജനങ്ങളുടെയും കര്‍ഷകരുടെയും താത്പര്യങ്ങള്‍ മനസിലാക്കി പദ്ധതിയുടെ വിശദാംശങ്ങള്‍ ജനങ്ങളെ അറിയിച്ച് പ്രവര്‍ത്തനങ്ങളുടെ സുതാര്യത ഉറപ്പാക്കാന്‍ ജാഗ്രത പുലര്‍ത്തണം-അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ എം.എല്‍.എ.മാരായ തോമസ് കെ. തോമസ്, എച്ച്. സലാം, ജോബ് മൈക്കിള്‍, പി.പി. ചിത്തരഞ്ജന്‍, ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍, കെ.എസ്.റ്റി.പി. പ്രൊജക്ട് ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, നിര്‍മാണ കരാര്‍ ഏറ്റെടുത്തിട്ടുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.