ജില്ലയിലെ വിവിധ വികസന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ ജില്ലാ വികസന സമിതിയില്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായ തുടര്‍നടപടി ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഓണ്‍ലൈനായി നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് കളക്ടറുടെ നിര്‍ദേശം. അടുത്ത ജില്ലാ വികസന സമിതി മുതല്‍ ജനപ്രതിനിധികള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പുകള്‍ ഒരാഴ്ചയ്ക്ക് മുന്‍പായി സമര്‍പ്പിക്കണം. യോഗത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ കൃത്യമായ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനും തയാറായിരിക്കണം. എംഎല്‍എമാര്‍ ഉന്നയിച്ച ചില വിഷയങ്ങളില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കൃത്യമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് കളക്ടറുടെ നിര്‍ദേശം.

വികസന സമിതിയില്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് തുടര്‍നടപടിയുണ്ടാകണം. സര്‍ക്കാര്‍ തലത്തില്‍ പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുകയും ജില്ലാതലത്തില്‍ പരിഹരിക്കേണ്ടവ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി പരിഹരിക്കുകയും ജനപ്രതിനിധികളെ അറിയിക്കുകയും വേണം.

കഴിഞ്ഞ വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ ഉന്നയിച്ച പ്രശ്‌നങ്ങളുടെ തുടര്‍ നടപടികള്‍ അവലോകനം ചെയ്തു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. ജിഡയുമായി ബന്ധപ്പെട്ട പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ ഉന്നയിച്ച പ്രശ്‌നങ്ങളുടെ വിശദാംശങ്ങള്‍ അവലോകനം ചെയ്യുന്നതിന് 29 ന് പ്രത്യേക യോഗം ചേരുമെന്ന് കളക്ടര്‍ അറിയിച്ചു. വൈപ്പിന്‍ കാളമുക്ക് ഫിഷിംഗ് ഹാര്‍ബറിലേക്ക് വഴി നിര്‍മ്മിക്കുന്നതിന് സ്ഥലമേറ്റെടുക്കല്‍ നടപടി പുരോഗമിക്കുകയാണെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗം എക്‌സ്‌ക്യൂട്ടീവ് എന്‍ജിനീയര്‍ മറുപടി നല്‍കി. വൈപ്പിന്‍-പള്ളിപ്പുറം സംസ്ഥാന പാതയിലെ കാന, റോഡ് നിര്‍മ്മാണത്തിന് കരാറിലേര്‍പ്പെട്ടു. വൈപ്പിനില്‍ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ ജിയോ ബാഗ്, ജിയോ ട്യൂബ് സംരക്ഷണവും കടല്‍ഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ അനുമതിക്കായി പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. ഞാറയ്ക്കല്‍, പുതുവൈപ്പ് മേഖലകളിലെ കുടിവെള്ളക്ഷാമവുമായി ബന്ധപ്പെട്ട് പമ്പ് ഹൗസുകളില്‍ വൈദ്യുതി വിതരണം തടസപ്പെടുമ്പോഴാണ് വിതരണം തടസപ്പെടുന്നതെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. കടലാക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് എംഎല്‍എ ഉന്നയിച്ച പ്രശ്‌നത്തിന് നഷ്ടപരിഹാരം കണക്കാക്കാന്‍ തദ്ദേശ സ്ഥാപന എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് തുക അനുവദിക്കുമെന്നും മറുപടി നല്‍കി.

കിഴക്കമ്പലം പഞ്ചായത്തിലെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പി.വി. ശ്രീനിജിന്‍ എം.എല്‍.എ ഉന്നയിച്ച വിഷയത്തില്‍ എസ്റ്റിമേറ്റിന് വിരുദ്ധമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. എന്‍ജിനീയര്‍മാരുടെ അനുമതിയില്ലാതെ റോഡ് നിര്‍മ്മാണം നടന്നിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടും പഞ്ചായത്ത് മറുപടി നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. കിഴക്കമ്പലം-പട്ടിമറ്റം, മണ്ണൂര്‍-പോഞ്ഞാശേരി റോഡ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ നടപടി വേണമെന്ന് എം.എല്‍.എ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. 2018 ല്‍ ആരംഭിച്ച നിര്‍മ്മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതിനായി പ്രത്യേക ടീമിനെ നിയോഗിക്കണം. താലൂക്കില്‍ നിന്നുള്ള ടീമിനെ ഉപയോഗിച്ച് സ്ഥലം അളക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ഈ റോഡിലെ കുഴികള്‍ താത്കാലികമായെങ്കിലും അടച്ച് പൊതുജനങ്ങള്‍ക്ക് ഗതാഗത സൗകര്യം ഉറപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും ആവശ്യപ്പെട്ടു.

ദുരന്ത നിവാരണ അതോറിറ്റിക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് പഞ്ചായത്ത് തലത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി കളക്ടര്‍ അറിയിച്ചു. മലയിടംതുരുത്ത് എല്‍പി സ്‌കൂളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും കളക്ടര്‍ നിര്‍ദേശിച്ചു.

കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് താലൂക്ക് തല ഫയല്‍ അദാലത്ത് സംഘടിപ്പിക്കണമെന്ന കെ. ബാബു എംഎല്‍എയുടെ നിര്‍ദേശത്തിന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി അദാലത്ത് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതായി കളക്ടര്‍ അറിയിച്ചു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കല്‍ വേഗത്തിലാക്കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. തൂപ്പൂണിത്തുറ നഗരത്തിലെ ട്രാഫിക് പരിഷ്‌ക്കരണം നഗരസഭയുടെ അനുമതിയോടെയാണ് നടപ്പാക്കിയതെന്ന് ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ ചാത്തമറ്റം ചെക്ക്‌പോസ്റ്റിനു സമീപം സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉന്നയിച്ച വിഷയത്തില്‍ പ്രവൃത്തികള്‍ക്കായുള്ള ടെന്‍ഡര്‍ അന്തിമഘട്ടത്തിലാണെന്ന് യോഗത്തില്‍ അറിയിച്ചു. നെല്ലാട്-കിഴക്കമ്പലം റോഡ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സ്‌ക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

നികത്ത്പുരയിടം ഡേറ്റ ബാങ്കില്‍ നിന്ന് നീക്കിയാലേ പരിവര്‍ത്തനത്തിലുള്ള അപേക്ഷ സ്വീകരിക്കൂ എന്ന പ്രശ്‌നം പി.ടി. തോമസ് വികസന സമിതി യോഗത്തില്‍ ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ കളക്ടര്‍ ഇടപെടണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. കൊച്ചി മെട്രോ നിര്‍മ്മാണം നടക്കുന്നതിന് മുന്‍പായി പടമുഗള്‍ മുതല്‍ ഐഎംജി ജംക്ഷന്‍ വരെയും വെണ്ണല-പാലച്ചുവട് റോഡ് സി പോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡിലെത്തുന്ന ടിവി സെന്റര്‍ ജംക്ഷനിലും അണ്ടര്‍പാസ് നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഇന്‍ഫോപാര്‍ക്ക് റോഡ്, ബ്രഹ്മപുരം പാലം, തുതിയൂര്‍-ഏലൂര്‍ പാലം, അത്താണി പാലം എന്നിവയുടെയും മഞ്ചേരിക്കുഴി പാലത്തിലേക്കുള്ള ഇടച്ചിറ അപ്രോച്ച് റോഡിന്റെയും അടിയന്തിരമായി തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടപ്പള്ളി മുതല്‍ തൈക്കൂടം വരെയുള്ള ദേശീയ പാതയിലെ സര്‍വീസ് റോഡുകളിലെ ഓടകള്‍ ഉടന്‍ വൃത്തിയാക്കണം. ഓടകള്‍ വൃത്തിയാക്കാതെ കിടക്കുന്നതിനാല്‍ ഇവിടെ ടോയ്‌ലെറ്റ് മാലിന്യം തള്ളുന്നത് പതിവാണ്. ഇടപ്പള്ളി, പാലാരിവട്ടം മേഖലയിലെയും വൈറ്റില, ഇടപ്പള്ളി മേല്‍പ്പാലത്തിലെയും വഴിവിളക്കുകള്‍ കത്തുന്നില്ലെന്ന പ്രശ്‌നവും എംഎല്‍എ ശ്രദ്ധയില്‍പ്പെടുത്തി.

ബയോമെട്രിക് മസ്റ്ററിംഗ് നടക്കാത്തതിനാല്‍ കൊച്ചി കോര്‍പ്പറേഷനിലെ അയ്യായിരത്തിലധികം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ ലഭിക്കുന്നില്ല. പനമ്പിള്ളി നഗര്‍ വാക്ക്‌വേയിലെ വഴിവിളക്കുകള്‍ തെളിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പഴയ റെയില്‍വേ സ്റ്റേഷന്‍ പുറമ്പോക്കിലെ 23 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനുള്ള റെയില്‍വേയുടെ ഏകപക്ഷീയമായി നടപടി അനുവദിക്കരുതെന്ന് ടി.ജെ. വിനോദ് എംഎല്‍എ ആവശ്യപ്പെട്ടു. പുനരധിവാസം ഉറപ്പാക്കിയ ശേഷമേ കുടിയൊഴിപ്പിക്കാവൂ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും എംഎല്‍എ അറിയിച്ചു. വടുതല-പേരണ്ടൂര്‍ പാലം സര്‍വേ ഉടന്‍ പൂര്‍ത്തിയാക്കണം. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാകണം. കലൂര്‍ മോഡല്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ കോംപൗണ്ടിലെ ബുക്ക് ഡിപ്പോയുടെ ഉപയോഗശൂന്യമായ കെട്ടിടം പൊളിച്ചുനീക്കണം. എസ്ആര്‍വി സ്‌കൂള്‍ കോംപൗണ്ടിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മാറ്റി സ്ഥാപിക്കണം. കൊച്ചി മെട്രോ സ്ഥാപിച്ച് കൊച്ചി കോര്‍പ്പറേഷന് കൈമാറിയ വഴി വിളക്കുകള്‍ തെളിയാത്തതുമായി ബന്ധപ്പെട്ട് വഴി വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ മെട്രോ തന്നെ ഏല്‍പ്പിക്കണം. ചേരാനെല്ലൂര്‍ ഭാഗത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കണം. സ്വകാര്യ ബസുകള്‍ ബസ് ബേയില്‍ നിര്‍ത്താതെ റോഡിലേക്ക് കയറ്റി നിര്‍ത്തി ഗതാഗതക്കുരുക്കുണ്ടാക്കുന്നത് ഒഴിവാക്കാന്‍ നടപടി വേണം. കെഎസ്ഇബിയുടെ പോസ്റ്റുകളില്‍ അനധികൃതമായി കേബിളുകള്‍ വലിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുവാറ്റുപുഴ രണ്ടാര്‍കര ഭാഗത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. അപകട ഭീഷണിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കാന്‍ നടപടി സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

ആമ്പല്ലൂര്‍ പഞ്ചായത്തിലെ പുത്തന്‍കാവ് ബണ്ട് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് അനൂപ് ജേക്കബ് എംഎല്‍എ ആവശ്യപ്പെട്ടു. പിറവത്തെ നാല് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണം വേഗത്തിലാക്കണം. ആമ്പല്ലൂര്‍ കുലിയേറ്റിക്കര കോളനിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണം. കൂത്താട്ടുകുളം എംസി റോഡിലെ വെള്ളക്കെട്ട് പരിഹരിക്കണം. റോഡരികിലെ മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള അനുമതി നല്‍കാന്‍ കാലതാമസം പാടില്ല. അനിയന്ത്രിതമായ മണ്ണ് ഖനനം തടയാന്‍ നടപടി സ്വീകരിക്കണം. പത്ത് സെന്റില്‍ വീട് വെക്കാന്‍ മണ്ണ് നീക്കാന്‍ അനുമതി വാങ്ങിയ ശേഷം ഏക്കറുകണക്കിന് ഭൂമിയില്‍ നിന്ന് മണ്ണ് ഖനനം ചെയ്യുന്നത് തടയണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

ആലുവ വാഴക്കുളം പഞ്ചായത്തിലെ പെരിയാര്‍വാലി കനാല്‍ കടന്നുപോകുന്ന പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആവശ്യപ്പെട്ടു. കോലഞ്ചേരി-പട്ടിമറ്റം റോഡില്‍ കടയിരുപ്പ് ഗവ. ആശുപത്രിക്ക് സമീപമുള്ള ജംക്ഷനില്‍ അപകടം പതിവായതിനാല്‍ ഇവിടെ സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തണം. കൂത്താട്ടുകുളത്തെ വാട്ടര്‍ അതോറിറ്റിയുടെ സെക്ഷന്‍ ഓഫീസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം. സര്‍ക്കാര്‍ ഏജന്‍സികള്‍ വിതരണം ചെയ്യുന്ന ഫര്‍ണ്ണിച്ചര്‍ ഉള്‍പ്പടെയുള്ള സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള സംവിധാനമേര്‍പ്പെടുത്തണം. കിഴക്കമ്പലത്തെ സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ കെ.എന്‍. ഉണ്ണികൃഷ്ണന്‍, പി.വി. ശ്രീനിജിന്‍, പി.ടി. തോമസ്, കെ.ബാബു, ടി.ജെ.വിനോദ്, അനൂപ് ജേക്കബ്, മാത്യു കുഴല്‍നാടന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അനിത ഏലിയാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.