ജില്ലയില്‍ കോവിഡ് വാക്സിനേഷന് ആദ്യ ഡോസ് കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്സാനാ പര്‍വീണ്‍. ആദ്യ ഡോസ് 87 ശതമാനവും രണ്ടാം ഡോസ് 38.4 ശതമാനവും പൂര്‍ത്തിയായി. കോവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
കോവിഡ് ജാഗ്രത പോര്‍ട്ടലിലെ വിവരശേഖരണ പുരോഗതി പരിശോധിക്കണമെന്ന് നിര്‍ദേശം നല്കി. പഞ്ചായത്ത് തലത്തില്‍ വിവരശേഖരണം ആരംഭിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പ്രവര്‍ത്തനം കാര്യക്ഷമമെന്ന് ഉറപ്പാക്കണം. ഡബ്ലിയു. ഐ. പി. ആര് ഉയര്‍ന്ന സ്ഥലങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തമാക്കി ക്വാറന്റയിന്‍ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും വേണം. നിലവില്‍ കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ ആയി പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെയും ചികിത്സയിലുള്ളവരുടെയും വിവരങ്ങള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശം നല്കി. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിക്കും. ജില്ലയിലെ ഹാര്‍ബറുകള്‍ ഞായറാഴ്ചയും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍കാനും തീരുമാനമായി.
സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, എ. ഡി. എം എന്‍. സാജിതാ ബീഗം, പുനലൂര്‍ ആര്.ഡി.ഒ ബി. ശശികുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. ശ്രീലത, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ആര് സന്ധ്യ, വകുപ്പുതല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
