വര്‍ഗ്ഗീയതയ്ക്കും മതാന്ധതയ്ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക എന്നതാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലഘട്ടത്തോട് ചെയ്യുവാനുള്ള ഏറ്റവും വലിയ ധര്‍മ്മമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍.   വായനയില്ലായ്മയാണ് പുതു തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. എം.ടി യെയും വൈക്കം മുഹമ്മദ് ബഷീറിനെയും ഒഎന്‍വിയെയുമെല്ലാം വായനയിലൂടെ അറിയാത്ത ഒരു തലമുറ നമുക്കുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. പറയേണ്ടിടത്ത് പറയാനും  ഇടപെടേണ്ടിടത്ത് ഇടപെടാനുമുള്ള ആര്‍ജ്ജവം യുവതലമുറ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം നിയോജക മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, സി ബി എസ് ഇ, ഐ സി എസ് ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കു ന്നതിനായി ഹൈബി ഈഡന്‍ എം.എല്‍.എ ഏര്‍പ്പെടുത്തിയ എം.എല്‍.എ അവാര്‍ഡ് 2018 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം. നിയോജകമണ്ഡലത്തിലെ 56 സ്‌ക്കൂളുകളില്‍ നിന്നായി 1100 വിദ്യാര്‍ത്ഥികളാണ് എം.എല്‍.എ അവാര്‍ഡ് ഏറ്റ് വാങ്ങാനെത്തിയത്. സിവില്‍ സര്‍വ്വീസ് ജേതാക്കളായ ശിഖ സുരേന്ദ്രന്‍, അഭിജിത് ആര്‍ ശങ്കര്‍, അഞ്ജന ഉണ്ണികൃഷ്ണന്‍, അനന്ദ് മോഹന്‍, ഇഹ്ജാസ് അസ്ലം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സി ബി എസ് ഇ പരീക്ഷയില്‍ ഇന്ത്യയില്‍ ഒന്നാം റാങ്ക് നേടിയ ശ്രീലക്ഷ്മി, അഞ്ചാം റാങ്ക് നേടിയ നിയ സൂസന്‍ ചാലി തുടങ്ങിയവര്‍  അവാര്‍ഡ് ഏറ്റ് വാങ്ങി;. യൂണിവേഴ്‌സിറ്റി തലത്തില്‍ റാങ്ക് നേടിയവരെയും ചടങ്ങില്‍ ആദരിച്ചു.
2012 മുതല്‍ 7-)ം തവണയാണ് എം.എല്‍.എ അവാര്‍ഡ് സംഘടിപ്പിക്കുന്നതെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ പറഞ്ഞു.നൂറു ശതമാനം വിജയം നേടിയ 34 വിദ്യാലയങ്ങള്‍ക്കുള്ള പുരസ്‌ക്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. എറണാകുളം  നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധിസംഭാവനകള്‍ നല്കുവാന്‍ സാധിക്കത്തക്ക രീതിയില്‍ സമഗ്ര വിദ്യാഭ്യസ പദ്ധതിആസ്പയര്‍ എന്ന പേരില്‍ ആരംഭം കുറിക്കുകയാണെന്ന് എം.എല്‍.എ പറഞ്ഞു. ഒരോ വര്‍ഷവും എം.എല്‍.എ അവാര്‍ഡുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ മികവിന്റെ വ്യത്യസ്തമായ തലങ്ങളിലേക്ക് വളര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ പറഞ്ഞു.
വളരെ ചെറിയപ്രായത്തില്‍ തന്നെ ജീവിതത്തില്‍ വ്യക്തമായ ലക്ഷ്യബോധം വേണമെന്നും കഷ്ടപ്പെട്ടല്ല ഇഷ്ടപ്പെട്ടാണ് പഠിക്കേണ്ടതെന്നും മുഖ്യാതിഥി ആയെത്തിയ നടന്‍ ജയസൂര്യ പറഞ്ഞു. സിവില്‍ സര്‍വ്വീസ് റാങ്ക് ജേതാക്കളെ പ്രതിനിധീകരിച്ച് 16-)ം റാങ്ക് നേടിയ ശിഖ സുരേന്ദ്രന്‍ സംസാരിച്ചു.
ഹൈബി ഈഡന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ.കെ.വി തോമസ് എം.പി, ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ്, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ ആന്റണി, ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, വാര്‍ഡ് കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ്, സെന്റ് തെരേസാസ് കോളേജ് ഡയറക്ടര്‍ സിസ്റ്റര്‍ വിനീത, പ്രിന്‍സിപ്പാള്‍ ഡോ.സജിമോള്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.