തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ജ്ഞാനസമ്പദ്വ്യവസ്ഥയ്ക്ക് അടിത്തറയിടുന്ന കര്‍മ്മപരിപാടി തയ്യാറാക്കാന്‍ രണ്ടു ദിവസത്തെ ഉന്നതവിദ്യാഭ്യാസ ശാക്തീകരണ ശില്പശാല തിരുവനന്തപുരം ഐ.എം.ജിയില്‍ നടക്കും. സെപ്റ്റംബര്‍ 28, 29 തിയതികളില്‍ നടക്കുന്ന ശില്പശാല മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അദ്ധ്യക്ഷത വഹിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും ചേര്‍ന്നാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
ഗുണത്തിലും നിലവാരത്തിലും ഉന്നതവിദ്യാഭ്യാസ മേഖലയുടെ വന്‍ കുതിപ്പിനുള്ള നിര്‍ദ്ദേശസമാഹരണമാണ് ശില്‍പശാലയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.
28ന് രാവിലെ 10.30ന് ആരംഭിക്കുന്ന ഉദ്ഘാടന സെഷനില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി കെ രാമചന്ദ്രന്‍ ‘സംസ്ഥാന പദ്ധതിയിലെ പ്രധാനശ്രദ്ധ’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളില്‍ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് (‘സര്‍ക്കാരിന്റെ മുന്‍ഗണനകള്‍’), മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം അബ്രഹാം (‘അടിയന്തിര വികസനാവശ്യം’), ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അദ്ധ്യക്ഷന്‍ ഡോ. രാജന്‍ ഗുരുക്കള്‍ (‘അക്കാദമിക പ്രവര്‍ത്തനപദ്ധതി’) എന്നിവര്‍ പ്രഭാഷണം നടത്തും. ഉന്നതവിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വേണു സ്വാഗതവും, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ് നന്ദിയും പറയും.