കൃഷിയിൽ നിന്ന് കർഷകർക്ക് വരുമാനം ഉറപ്പാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. കാർഷിക ഉൽപന്നങ്ങൾക്ക് മാന്യമായ വില ലഭ്യമാക്കുന്ന ആശയങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ പരിയാരം വേളൂക്കരയിൽ ആരംഭിച്ച ബനാന ആന്റ് വെജിറ്റബിൾ പായ്ക്ക് ഹൗസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവ മുന്നിൽക്കണ്ടുള്ള പദ്ധതികളായിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. നമ്മുടെ ഉൽപന്നങ്ങളെ ലോക വിപണിയിൽ എത്തിക്കുകയെന്ന സ്വപ്നത്തിലേക്കാണ് കേരളത്തിന്റെ കാർഷിക സംസ്‌കാരത്തിന്റെ പുതിയ ചുവടുവയ്പ്പെന്നും മന്ത്രി കൂട്ടിച്ചേർത്തു.സംസ്ഥാനത്തെ രണ്ടാമത്തെ പായ്ക്ക് ഹൗസാണ് പരിയാരത്ത് പ്രവർത്തനം ആരംഭിച്ചത്. ദേവസ്വം, പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സനീഷ് കുമാർ ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. പരിയാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മായ ശിവദാസൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ജെനീഷ് പി ജോസ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി പി പോളി, വി എഫ് പി സി കെ ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ വി ശിവരാമ കൃഷ്ണൻ, വി എഫ് പി സി കെ പ്രൊജക്റ്റ്‌സ് വൺ ഡയറക്ടർ ഷൈല പിള്ള, പ്രൊജക്റ്റ്‌സ് ടു ഡയറക്ടർ സാജൻ ആൻഡ്രോസ്, ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ വി കെ ചാക്കോ, എം ഗോപിദാസ്, സുരേഷ് കുമാർ സി തുടങ്ങിയവർ പങ്കെടുത്തു.

പഴം, പച്ചക്കറി മേഖലയിൽ കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്നത് ലക്ഷ്യമാക്കി ആരംഭിക്കുന്ന സംരംഭമാണ് ബനാന ആന്റ് വെജിറ്റബിൾ പായ്ക്ക് ഹൗസ്. പരിയാരം വേളൂക്കരയിൽ അൻപത് സെന്റ് സ്ഥലത്ത് 239 ലക്ഷം രൂപ ചെലവഴിച്ചാണ് അപേഡയുടെ സഹായത്തോടെ പായ്ക്ക് ഹൗസ് സജ്ജമാക്കിയത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ കൺസൾട്ടൻസി സഹായത്തോടെയാണ് പായ്ക്ക് ഹൗസ് പണി പൂർത്തീകരിച്ചത്.വിളവെടുപ്പിന് ശേഷം പായ്ക്ക് ഹൗസിൽ എത്തിക്കുന്ന ഉൽപന്നങ്ങൾ വിപണിയിലെ ഡിമാൻഡ് അനുസരിച്ച് ഗ്രേഡിംഗ്, പായ്ക്കിങ്, ശീതീകരിക്കൽ, സംഭരണം എന്നിവയ്ക്ക് ശേഷം വിപണിയിൽ എത്തിക്കുo. ദിവസവും 15 മുതൽ 20 ടൺ വരെ പഴം പച്ചക്കറിയുടെ സംസ്‌ക്കരണം ഇവിടെ നടത്താനുള്ള സൗകര്യമുണ്ട്. നേന്ത്രക്കായയുടെ സംസ്ക്കരണ വിപണനമാണ് ഇവിടെ ആരംഭിക്കുന്നത്.